25 എംഎല്‍എമാര്‍ ബജറ്റ് സമ്മേളനം ബഹിഷ്‌കരിക്കുമായിരുന്നു; മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കം
ജല്‍ന: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എം വി എ) സര്‍ക്കാരിനെ വീഴ്ത്താന്‍ കരുനീക്കം ശക്തമാക്കി ബി ജെ പി. വരാനിരിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനം എം വി എയുടെ 25 എം എല്‍ എമാരെങ്കിലും ബഹിഷ്‌കരിക്കാന്‍ തയ്യാറായിരുന്നുവെന്ന് കേന്ദ്ര സഹമന്ത്രി റാവു സാഹേബ് ദന്‍വെ പറഞ്ഞു. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
നിരവധി എം വി എ എം എല്‍ എമാര്‍ ബി ജെ പിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പലരും ബി ജെ പിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. എം വി എയുടെ 25 നിയമസഭാംഗങ്ങള്‍ ബജറ്റ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ എങ്ങനെയോ ചില സഹായം എം വി എ നേതാക്കള്‍ വാഗ്ദാനം ചെയ്ത് അവരെ പിന്തിരിപ്പിച്ചു. തെരഞ്ഞെടുപ്പ് വരട്ടെ, അവര്‍ ഓരോരുത്തരായി ബി ജെ പിയില്‍ ചേരും,' അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ചെന്ന് ആരോപിച്ച് റാവു സാഹേബ് ദന്‍വെ ശിവസേനയ്ക്കെതിരെയും ആഞ്ഞടിച്ചു. 2019 ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണമാണ് ശിവസേനയ്ക്ക് വോട്ട് ലഭിച്ചത്. എന്നാല്‍ പിന്നീട് അവര്‍ ബി ജെ പിയെ പിന്നില്‍ നിന്ന് കുത്തിയെന്നും അദ്ദേഹം പറഞ്ഞു. 'ഇന്നത്തെ ശിവസേന ബാലാസാഹേബ് താക്കറെയുടെ ശിവസേനയല്ല, അത് ഉദ്ധവ് താക്കറെയുടെയും അബ്ദുള്‍ സത്താറിന്റെയും (സംസ്ഥാന മന്ത്രി) ശിവസേനയാണ്,' കേന്ദ്രമന്ത്രി പറഞ്ഞു.

2019 തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി നേതാക്കളായ അമിത് ഷാ, ദേവേന്ദ്ര ഫഡ്നാവിസ്, ആശിഷ് ഷെലാര്‍, ശിവസേനാ മേധാവി ഉദ്ധവ് താക്കറെ എന്നിവര്‍ തമ്മിലുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചകളില്‍ താക്കറെ കുടുംബ വസതിയായ 'മാതോശ്രീ'യില്‍ താന്‍ അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും ദന്‍വെ റാവു സാഹേബ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അന്ന് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല, രണ്ട് സഖ്യകക്ഷികളും സ്ഥാനം മാറ്റാന്‍ സമ്മതിച്ചു എന്ന ശിവസേനയുടെ വാദത്തെ റാവു സാഹേബ് നിരാകരിച്ചു.

എം വി എ നേതാക്കളെ ദ്രോഹിക്കാന്‍ സി ബി ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ശിവസേന എം പി സഞ്ജയ് റാവത്തിന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാ വികാസ് അഘഡി സര്‍ക്കാര്‍ രൂപീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിലെ തര്‍ക്കം കാരണം ബി ജെ പി സഖ്യമുപേക്ഷിച്ച ശിവസേന, എന്‍ സി പി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി), കോണ്‍ഗ്രസ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

അതേസമയം അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മഹാ വികാസ് അഘഡി സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറഞ്ഞിട്ടുണ്ട്. സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ളതാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടൊലെ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ശിവസേന 57 സീറ്റിലും എന്‍ സി പി 53 സീറ്റിലും കോണ്‍ഗ്രസ് 44 സീറ്റിലുമാണ് 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നത്. ബി ജെ പി 105 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ബി ജെ പിയുടെ ഏറ്റവും പഴയ സഖ്യ കക്ഷികളില്‍ ഒന്നായിരുന്നു ശിവസേന.












Click it and Unblock the Notifications