25 യുദ്ധക്കപ്പലുകള്‍, 40 യുദ്ധവിമാനങ്ങള്‍; പാക് അതിര്‍ത്തിയില്‍ കരുത്ത് കാട്ടി ഇന്ത്യയുടെ 'എക്‌സ് ത്രിശൂല്‍'
പാകിസ്ഥാന്‍ തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം രാജ്യത്തിന്റെ പ്രതിരോധ കരുത്ത് പ്രകടമാക്കുന്ന സൈനികാഭ്യാസ പ്രകടനവുമായി ഇന്ത്യ. എത് രീതിയിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ കര-നാവിക-വ്യോമ സേനകളുടെ ശക്തിപ്രകടനമാണ് ഈ ദിവസങ്ങളില്‍ നടക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അതിര്‍ത്തിയിലുള്ള ഏറ്റവും വലിയ സൈനിക നീക്കമാണിത്. 'എക്‌സ് ത്രിശൂല്‍' എന്ന കോഡ് നാമത്തിലുള്ള സൈനികാഭ്യാസം നവംബര്‍ 13 വരെ തുടരും. ഗുജറാത്ത്, രാജസ്ഥാന്‍, അറേബ്യന്‍ കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സൈനികാഭ്യാസം നടക്കുന്നത്.

25 യുദ്ധക്കപ്പലുകളും നാല്‍പതിലധികം യുദ്ധവിമാനങ്ങളും കരസേനയില്‍ നിന്ന് 40,000-ത്തിലധികം സൈനികരുമാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. സംയുക്ത സേനാ പരിശീനത്തിന് പുറമേ ബഹിരാകാശവും സൈബര്‍ അധിഷ്ഠിത വശങ്ങളും ഉള്‍പ്പെടുന്ന സങ്കീര്‍ണമായ മള്‍ട്ടി-ഡൊമെയിന്‍ അഭ്യാസമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എക്‌സ് ത്രിശൂലിന്റെ വിശദാംശങ്ങള്‍ പങ്കിട്ടുകൊണ്ട് നാവിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ് പറഞ്ഞു.
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന റാന്‍ ഓഫ് കച്ചിലും സര്‍ ക്രീക്ക് പ്രദേശവും കേന്ദ്രീകരിച്ചാണിപ്പോള്‍ അഭ്യാസം നടക്കുന്നത്. കരസേനയുടെ ദക്ഷിണ കമാന്‍ഡില്‍ നിന്നുള്ള 40,000-ത്തിലധികം സൈനികര്‍ ഈ അഭ്യാസങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇതുകൂടാതെ വ്യോമസേനയുടെ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ നിന്നും നാവികസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡില്‍ നിന്നുള്ളവരും പരിശീലനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
പാകിസ്ഥാന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ സേനകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയുടെ സൈനികാഭ്യാസത്തിന് മുന്നോടിയായി ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചുപൂട്ടുന്നതിനുള്ള നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ നീക്കങ്ങള്‍ പാകിസ്ഥാനും നിരീക്ഷിക്കുന്നുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി പാകിസ്ഥാനും തങ്ങളുടെ തെക്കന്‍, മധ്യ പ്രദേശങ്ങളില്‍ വിമാനങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വലിയ ലാന്‍ഡിങ് പ്ലാറ്റ്ഫോം ഡോക്കുള്ള യുദ്ധക്കപ്പലായ ഐഎന്‍എസ് ജലാശ്വയും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ശത്രു പ്രദേശത്തേക്ക് സൈനികരെയും ഉപകരണങ്ങളെയും കൊണ്ടുപോകാന്‍ രൂപകല്‍പന ചെയ്തിരിക്കുന്നതാണ് ഐഎന്‍എസ് ജലാശ്വ. നാവികസേനയുടെ നിരവധി കപ്പലുകളും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ശക്തി പ്രകടനമാണിത്.












Click it and Unblock the Notifications