ആദ്യമെത്തുന്ന 5 ലക്ഷം ടൂറിസ്റ്റുകള്‍ക്ക് സൗജന്യ വിസ; വന്‍ പ്രഖ്യാപനവുമായി കേന്ദ്രം
ദില്ലി: കൊവിഡ് കാരണം പ്രതിസന്ധിയിലായ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. ടൂറിസ്റ്റ് മേഖലയെ ശക്തിപ്പെടുത്തുന്നതാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ ഒട്ടേറെ പ്രഖ്യാപനങ്ങളിലൊന്ന്. അഞ്ച് ലക്ഷം സൗജന്യ വിസ അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ടൂറിസ്റ്റുകള്‍ക്കാണ് ഈ വിസ അനുവദിക്കുക. കൊവിഡിന് ശേഷം വിപണി വീണ്ടും സജീവമായാല്‍ ടൂറിസ്റ്റ് മേഖലകള്‍ തുറക്കും. അപ്പോള്‍ ആദ്യമെത്തുന്ന അഞ്ച് ലക്ഷം ടൂറിസ്റ്റുകള്‍ക്കാണ് സൗജന്യ വിസ നല്‍കുക. ഇതുവഴി വിദേശ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

രാജ്യത്തെ രജിസ്റ്റര്‍ ചെയ്ത 11000ത്തിലധികം ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കും. അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചുകഴിഞ്ഞാലാണ് ഈ ഓഫറുകള്‍ പ്രാബല്യത്തില്‍ വരിക. ആദ്യമെത്തുന്ന അഞ്ച് ലക്ഷം ടൂറിസ്റ്റുകള്‍ക്കോ 2022 മാര്‍ച്ച് 31 വരെയോ ആകും ഓഫര്‍. ഏതാണോ ആദ്യമെത്തുക അതുവരെ ഓഫര്‍ തുടരും. 100 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഹൃസ്വകാലത്തേക്ക് ഇന്ത്യയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്കാണ് സൗജന്യ വിസ അനുവദിക്കുക എന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.
കൊവിഡ് കാരണം രാജ്യത്തെ ടൂറിസം മേഖല ക്ഷീണിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ സംരഭങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ സര്‍ക്കാര്‍ വായ്പകള്‍ അനുവദിക്കും. 10 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. രജിസ്റ്റര്‍ ചെയ്ത ഒരു ലക്ഷം ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ടൂറിസം രംഗത്തിന് പുറമെ ആരോഗ്യ മേഖലയ്ക്കും ഇന്ന് വലിയ തുക പ്രഖ്യാപിച്ചിട്ടുണ്ട്. 23220 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് നല്‍കുക. കുട്ടികളുടെ ചികില്‍സാ ആവശ്യങ്ങള്‍ക്കാണ് ഇതില്‍ മുന്‍ഗണന നല്‍കുക.












Click it and Unblock the Notifications