മധ്യപ്രദേശിന് വാരിക്കോരി നൽകി സിന്ധ്യ: ആഗസ്റ്റ് അവസാനത്തോടെ 66 വിമാനങ്ങൾ, സർവീസുകളുടെ എണ്ണം ഉയർത്തി
ഇൻഡോർ: കേന്ദ്രമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മധ്യപ്രദേശിന് വിമാനങ്ങൾ സമ്മാനിച്ച് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ആഗസ്റ്റ് എട്ട് വരെ 44 പുതിയ വിമാനങ്ങളാണ് മധ്യപ്രദേശിൽ നിന്ന് സർവീസ് ആരംഭിച്ചത്. എന്നാൽ ആഗസ്റ്റ് അവസാനത്തോടെ മധ്യപ്രദേശിൽ നിന്നുള്ള വിമാനങ്ങളുടെ എണ്ണം 66 ആയി ഉയരുമെന്നാണ് ജ്യോതിരാദിത്യ വ്യാഴാഴ്ച വ്യക്തമാക്കിയത്. ഇതിന് പുറമേ ഗ്വാളിയോർ വിമാനത്താവളത്തിൽ പുതിയൊരു ടെർമിനൽ ആരംഭിക്കുമെന്നും നിലവിലുള്ള ടെർമിനലുകൾ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 110 കോടിയുടേതാണ് പദ്ധതി. 30 കോടിയുടെ എടിസി ടവർ നിർമാണ പദ്ധതികളും ഇതോടൊപ്പം നടപ്പിലാക്കും.
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

കൊവിഡ് വ്യാപനത്തോടെ സംസ്ഥാനത്തെ വിമാനയാത്രകൾ 164ലേക്ക് ചുരുങ്ങിയിട്ടുണ്ട്. എന്നാൽ വ്യോമയാന മന്ത്രിയായി സിന്ധ്യ അധികാരമേറ്റതോടെ 45 ദിവസത്തിനുള്ളിൽ ഇത് 267 സർവീസിലേക്ക് ഉയർന്നിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ അഹമ്മദാബാദ്, ഗോവ, റായ്പൂർ, ഇൻഡോർ എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനാണ് ശ്രമിച്ചത്. രണ്ടാമത്തെ ആഴ്ചയിൽ ജബൽപൂർ, ഗ്വാളിയോർ എന്നീ നഗരങ്ങളെ ഇൻഡോറുമായി ബന്ധിപ്പിച്ചു. ഭോപ്പാലിൽ നിന്ന് ദിവസേന 132 വിമാന സർവീസുകളാണുള്ളത്.

ബെംഗളൂരു, പ്രയാഗ് രാജ്, ദില്ലി, മുംബൈ, ഹൈദരാബാദ്, പൂനെ, ജബൽപൂർ എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് അഞ്ചിൽ നിന്ന് എട്ടായി ഉയർന്നിട്ടുണ്ട്. ആഴ്ചയിൽ 84ൽ നിന്ന് 110 എന്ന കണക്കിലേക്ക് വിമാനസർവീസ് ഉയർത്തിയിട്ടുണ്ട്. ഇൻഡോർ, അഹമ്മദാബാദ്, ജയ്പൂർ, എന്നീ നഗരങ്ങളെ ഗ്വാളിയോറുമായി ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയിൽ 80 വിമാന സർവീസുകളാണുള്ളതെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഓരോ സാധാരണക്കാരനും വിമാനയാത്ര ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണിതെന്നും സിന്ധ്യ വ്യക്തമാക്കി.

രാജ്യത്ത് ഉഡാൻ യോജന അനുസരിച്ച് 1000 റൂട്ടുകളിൽ 2025 ഓടെ 100 വിമാനത്താവളങ്ങൾ വികസിപ്പിച്ചെടുക്കാനാണ് പദ്ധതിയിടുന്നത്. 363 വിമാന റൂട്ടുകൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. കൂടാതെ 59 പുതിയ വിമാനത്താവളങ്ങളും രാജ്യത്ത് പുതിയതായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 70 വർഷങ്ങളിൽ ഏഴ് വർഷത്തിനുള്ളിൽ രാജ്യത്ത് 75 വിമാനത്താവളങ്ങളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. 61 പുതിയ വിമാനത്താവളങ്ങളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിൽ വ്യോമയാന മന്ത്രാലയത്തിന് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഓരോ ഇന്ത്യക്കാരനെയും തിരികെക്കൊണ്ടുവരാൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിനിടെ വന്ദേഭാരത് ദൌത്യത്തിന് കീഴിൽ 71 ലക്ഷം പ്രവാസികളെയാണ് വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിച്ചത്. ഇന്ത്യയിൽ നിന്ന് 51 ലക്ഷം പേരെ മറ്റ് രാജ്യങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോയിട്ടുണ്ട്. അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനും ഇതേ ശ്രമം തന്നെയാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.

2009 മുതൽ 2012 വരെയുള്ള കാലയളവിൽ യുപിഎ സർക്കാരിൽ വാണിജ്യ വ്യവസായ മന്ത്രാലയം കൈകാര്യം ചെയ്തത് സിന്ധ്യ ആയിരുന്നു. കൂടാതെ 2012 നും 2014 നും ഇടയിൽ വൈദ്യുതി മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന് ശേഷം, സിന്ധ്യ മാർച്ചിൽ തന്റെ 22 വിശ്വസ്തരുമായി ബിജെപിയിൽ ചേരുകയായിരുന്നു. കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചതോടെയാണ് വ്യോമയാനമന്ത്രി സ്ഥാനം ലഭിക്കുന്നത്. സിന്ധ്യും അനുകൂലികളായ 22 എംഎമാരും കോൺഗ്രസ് വിട്ടതോടെ മധ്യപ്രദേശിലെ കമൽ നാഥ് സർക്കാർ തകരുകയും പകരം, ബിജെപി സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തുകയും ചെയ്തു.












Click it and Unblock the Notifications