മോദി ഭരണത്തിൽ 'ഇഡി വിരട്ടിയവരിൽ' 95 ശതമാനം പ്രതിപക്ഷ നേതാക്കൾ; കേസുകളിലും വൻ വർധന
ദില്ലി: കഴിഞ്ഞ 18 വർഷത്തിനിടെ എൻഫോഴ്സ്മെന്റ് നടപടി നേരിട്ടത് 147 രാഷ്ട്രീയ നേതാക്കൾ. ഇതിൽ തന്നെ 85 ശതമാനം പേരും പ്രതിപക്ഷ നിരയിലുണ്ടായിരുന്നുവെന്ന് കണക്കുകൾ. കോടതി രേഖകൾ, ഏജൻസി മൊഴി, രാഷ്ട്രീയ നേതാക്കൾക്കെതിരായ കേസുകൾ, അറസ്റ്റുകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യൻ എക്സ്പ്രസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
ഇക്കാലയളിവിനിടയിൽ സിബിഐ നടപടി നേരിട്ട പ്രതിപക്ഷ നേതാക്കളുടെ എണ്ണവും കുറവല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇരുന്നൂറിനടുത്ത് നേതാക്കൾക്കെതിരെയാണ് സി ബി ഐയുടെ നടപടുയുണ്ടായത്, ഇതിൽ 80 ശതമാനം നേതാക്കളാണ് പ്രതിപക്ഷ നിരയിൽ ഉണ്ടായിരുന്നവർ.

2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലേറിയതിന് ശേഷം പ്രതിപക്ഷ നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമെതിരെയുള്ള ഇഡി നടപടികൾ വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. 121 പ്രമുഖർക്കെതിരെയാണ് കഴിഞ്ഞ 8 വർഷത്തിനിടെ അന്വേഷണം ഉണ്ടായത്. ഇതിൽ 115 പേരും പ്രതിപക്ഷ നേതാക്കൾ, അതായത് 95 ശതമാനം. അതേസമയം യുപിഎയുടെ ഭരണകാലത്ത് 26 രാഷ്ട്രീയ നേതാക്കൾക്കെതിരെയാണ് ഇഡി നടപടി സ്വീകരിച്ചത്. ഇതിൽ 15 പേർ പ്രതിപക്ഷ രംഗത്തുള്ളവരാണ്, 54 ശതമാനം.

കള്ളപ്പണ നിരോധന നിയമത്തിന് കീഴിലാണ് കേസുകൾ ഏറെയും രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ വേണമെങ്കിൽ അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ കണ്ടുകെട്ടാനും വരെ അധികാരം നൽകുന്നതാണ് നിയമം.കോൺഗ്രസ് (24), ടി എം സി (19), എൻ സി പി (11), ശിവസേന (8), ഡി എം കെ (6), ബി ജെ ഡി (6), ആർ ജെ ഡി (5) ), ബി എസ് പി (5), എസ് പി(5), ടി ഡി പി (5),ആം ആദ്മി പാർട്ടി (3), ഐ എൻ എൽ ഡി (3),വൈ എസ് ആർ എസ് പി (3), സി പി എം (2), എൻ സി (2), പി ഡി പി (2),ഐ എൻ ഡി (2) ), എ ഐ എ ഡി എം കെ (1), എം എൻ എസ് (1), എസ്ബിഎസ്പി (1), ടി ആർ എസ് (1) എന്നിങ്ങനെയാണ് ഇഡി നടപടി നേരിട്ട പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളുടെ കണക്കുകൾ.

യുപിഎ സർക്കാരിന്റെ കാലത്ത് സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണമായിരുന്നു ശക്തമായത്. അന്ന് പ്രതിപക്ഷ കക്ഷികളായ എസ് പി, ബി എസ് പി നേതാക്കളെ വട്ടമിട്ടുള്ള സി ബി ഐ നടപടികൾ വൻ വിവാദമായിരുന്നു. അതേസമയം പിന്നീട് ഈ പാർട്ടികൾ യു പി എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ നിലപാട് മയപ്പെടുത്തിയെന്ന ആക്ഷേപവും ഉയർന്നിരുന്നു.

രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഗാന്ധി കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറ് പ്രമുഖ നേതാക്കൾക്കെതിരേയും അവരുടെ ബന്ധുക്കൾക്കെതിരെയും ഇഡി നടപടിയുണ്ടായിരുന്നു. കമൽനാഥ്, ക്യാപ്റ്റൻ അമരീന്ദർ സിംഗ് എന്നിവർ ഉൾപ്പെടെയുള്ളവരായിരുന്നു നടപടി നേരിട്ടത്. അമരീന്ദർ നിലവിൽ ബി ജെ പിയിലാണ്. കേരളത്തിൽ മൻ പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയായിരുന്നു ഇഡി നീക്കം.

അതേസമയം ഇഡി അന്വേഷിക്കുന്നതിൽ കേസുകളിൽ 5 പേർ ബി ജെ പി നേതാക്കളാണ്. കർണാടക ഖനി വ്യവസായി ഗാലി ജനാർദൻ റെഡ്ഡി, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകൻ ദുഷ്യന്ത് സിങ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണം.












Click it and Unblock the Notifications