'ഇന്ത്യ' സഖ്യത്തില്‍ വീണ്ടും കല്ലുകടി, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി
ന്യൂ ഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ ബീഹാറിനെ ആപ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും യോഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സന്ദീപ് പതക് കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്തിരുന്നു. 2025ലാണ് ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ്.
ബീഹാറില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് യോഗത്തില്‍ സന്ദീപ് പതക് ആവശ്യപ്പെട്ടു. വൃത്തികെട്ട രാഷ്ട്രീയ കളികള്‍ കാരണം അര്‍ഹിക്കുന്ന വികസനം ഉണ്ടായിട്ടില്ലെന്നത് ബീഹാറിന്റെ ദൗര്‍ഭാഗ്യമാണ്. ബീഹാറില്‍ എഎപി മത്സരിക്കും. അതിന് ശക്തമായ സംഘടനാ സംവിധാനം സംസ്ഥാനത്ത് പാര്‍ട്ടിക്ക് ആവശ്യമുണ്ട്, പതക് നേതാക്കളോടും പ്രവര്‍ത്തകരോടുമായി പറഞ്ഞു.

നമ്മള്‍ ബീഹാറില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കും. എപ്പോള്‍ മത്സരിക്കണം എന്നുളളത് പാര്‍ട്ടി തീരുമാനിക്കും. നേരെ ചെന്ന് മത്സരത്തിനിറങ്ങാനാകില്ല. അതിന് ആദ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. എല്ലാ ഗ്രാമങ്ങളിലും പാര്‍ട്ടി കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനും ഉളള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുതല്‍ തന്നെ ആരംഭിക്കണം. സംഘടന ശക്തിപ്പെടുമ്പോള്‍ പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും, പതക് പറഞ്ഞു.
ഗുജറാത്തിലേത് പോലെ ശക്തമായി തന്നെ ബീഹാറിലും ആപ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും പതക് വ്യക്തമാക്കി. ബീഹാറിലെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു കൊണ്ടായിരിക്കും തുടക്കമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുക എന്ന പൊതുലക്ഷ്യത്തോടെ ഒരുമിച്ച ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ വളര്‍ത്തുന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം.
ആപ്പിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തിലെ കക്ഷികളായ ജെഡിയുവും ആര്‍ജെഡിയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന് രൂപം കൊടുക്കുമ്പോള്‍ മറ്റ് ചില കാര്യങ്ങളില്‍ കൂടി ധാരണയില്‍ എത്തിയിരുന്നു. അതേക്കുറിച്ച് വിശദമായി തന്നെ ചര്‍ച്ച നടന്നിരുന്നു. ആപ് അതില്‍ ഉറച്ച് നില്‍ക്കും എന്നാണ് കരുതുന്നതെന്ന് രാഷ്ട്രീയ ജനതാ ദള്‍ എംപി മനോജ് പ്രതികരിച്ചു.












Click it and Unblock the Notifications