ട്വിസ്റ്റ്; ആംആദ്മിയുടെ 'തട്ടിക്കൊണ്ടുപോയ' സ്ഥാനാര്‍ത്ഥി പാര്‍ട്ടിക്കെതിരെ രംഗത്ത്; വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സൂറത്ത്( ഈസ്റ്റ്)ലെ സ്ഥാനാര്‍ത്ഥിയായ കാഞ്ചന്‍ ജരിവാല നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ബിജെപി ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ചു എന്നായിരുന്നു ആംആദ്മി പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ കാഞ്ചന്‍ ജരിവാല സ്വന്തം പാര്‍ട്ടിക്ക് എതിരെ രംഗത്തുവന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഒരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് താന്‍ നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഞാന്‍ എന്തിനാണ് ദേശവിരുദ്ധ-ഗുജറാത്ത് വിരുദ്ധ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെന്ന് എന്റെ പ്രചാരണ വേളയില്‍ ആളുകള്‍ എന്നോട് ചോദിക്കാറുണ്ടായിരുന്നു. ഞാന്‍ എന്റെ മനസ്സ് പറയുന്ന ശബ്ദം കേട്ടു. ഒരു സമ്മര്‍ദ്ദവുമില്ലാതെ ഞാന്‍ എന്റെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. അത്തരമൊരു പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ എനിക്ക് കഴിയില്ല.' കാഞ്ചന്‍ ജരിവാല വീഡിയോയില്‍ പറഞ്ഞു.

തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് പരാതിപ്പെടാനും സൂറത്തിലെ (കിഴക്ക്) തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെടാനും എഎപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് വീഡിയോയുമായി വന്നത്. സൂറത്തിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാലയെ തട്ടിക്കൊണ്ടുപോയി തോക്കിന് മുനയില്‍ നിര്‍ത്തി അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തെിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍കം 'ദേശവിരുദ്ധമായ ഒരു പാര്‍ട്ടിയെ പ്രതിനിധീകരിക്കരുതെന്ന് താന്‍ തിരഞ്ഞെടുത്തുവെന്ന് പറഞ്ഞുകൊണ്ട് കാഞ്ചന്‍ ജരിവാല രംഗത്തെത്തുകയായിരുന്നു,

'പൊലീസും ബിജെപി ഗുണ്ടകളും ചേര്‍ന്ന് - ഞങ്ങളുടെ സൂറത്ത് ഈസ്റ്റ് സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാലയെ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് വലിച്ചിഴച്ച് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് കാണുക''എന്ന് പറഞ്ഞ് രാഘവ് ചദ്ദ ഒരു ട്വീറ്റ് ഇട്ടിരുന്നു, 'സ്വാതന്ത്ര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്' എന്ന പദം ഒരു തമാശയായി മാറിയിരിക്കുന്നു! അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞിരുന്നു. സംഭവം നലിയ രീതിയിൽ വിവാദമായ സാഹചര്യത്തിലാണ് സ്വന്തം പാർട്ടിക്കെതിരെ കാഞ്ചൻ രംഗത്തെത്തിയത്. ആംആദ്മി പാർട്ടിയെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്.

ഗുജറാത്തിൽ ആകെ 182 നിയമസഭാ സീറ്റുകളാണുള്ളത്. ഇതിൽ 92 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.ഒന്നാം ഘട്ടം ഡിസംബർ ഒന്നിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ അഞ്ചിനും നടത്തും.












Click it and Unblock the Notifications