അനീതിയോട് സന്ധിയില്ല; 60 ലക്ഷം രൂപ കൊടുത്ത് കേരളത്തിലേക്കില്ലെന്ന് അബ്ദുന്നാസര്‍ മദനി
ബെംഗളൂരു: പോലീസ് നിബന്ധനയില്‍ ഇളവ് തേടിയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ കേരളത്തിലേക്ക് ഇല്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനി. 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് കേരളത്തിലേക്കെത്തുന്നതിന് എന്നെ സഹായിക്കാന്‍ പലരമുണ്ടാകും. എന്നാല്‍ അനീതിയോട് സന്ധി ചെയ്ത് കേരളത്തിലേക്കില്ലെന്ന് മദനി മാധ്യമങ്ങളെ അറിയിച്ചു.
രോഗശയ്യയിലുള്ള പിതാവിനെ കാണണം, തന്റെ ചികില്‍സ നടത്തണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മദനി സുപ്രീംകോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയത്. സുപ്രീംകോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. കര്‍ണാടക പോലീസിന്റെ അകമ്പടിയില്‍ നാട്ടില്‍ പോകാനാണ് കോടതി നിര്‍ദേശിച്ചത്. ഇക്കാര്യം കര്‍ണാടക പോലീസിനെ അറിയിച്ചപ്പോള്‍ അവര്‍ ഒരു സംഘത്തെ കേരളത്തിലേക്ക് അയച്ചു.

കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേരളത്തിലേക്കുള്ള മദനിയുടെ യാത്ര സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുപ്രകാരമാണ് 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു പോലീസ് നിര്‍ദേശിച്ചത്. ഇത്രയും വലിയ തുക കെട്ടിവെക്കാനില്ലെന്നും ഇളവ് വേണമെന്നും ആവശ്യപ്പെട്ട് മദനി വീണ്ടും സുപ്രീംകോടതിയിലെത്തി. മദനിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് മദനി തന്റെ നിലപാട് മാധ്യമങ്ങളോട് പറഞ്ഞത്. അനീതിയാണ് ഉണ്ടായിരിക്കുന്നത്. അനീതിയോട് സന്ധി ചെയ്ത് കേരളത്തിലേക്ക് വരില്ല. മരിക്കേണ്ടി വന്നാലും അനീതിയോട് സന്ധി ചെയ്യില്ല. നീതി നിഷേധത്തോട് സമരസപ്പെട്ട് മുന്നോട്ട് പോകില്ല. അങ്ങനെ വേണമെങ്കില്‍ നേരത്തെയാകാമായിരുന്നുവെന്നും മദനി പറഞ്ഞു.
എത്ര തുക കെട്ടിവയ്ക്കാനും സഹായിക്കാമെന്ന് മദനിയെ പലരും അറിയിക്കുന്നുണ്ടത്രെ. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പണം നല്‍കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ കോടതി അനുമതിയോടെ കേരളത്തിലേക്ക് പോലീസ് അകമ്പടിയില്ലാതെയും പോയിട്ടുണ്ട്. അകമ്പടിയോടെയും പോയിട്ടുണ്ട്. ഇത്രയും തുക കെട്ടിവച്ച് അനീതിയുടെ പുതിയ രീതി തുടങ്ങാനില്ലെന്നും മദനി പറഞ്ഞു.
മകന്റെ വിവാഹ വേളയില്‍ നാട്ടില്‍ പോകാന്‍ കോടതി അനുമതി നല്‍കിയപ്പോള്‍ വലിയ സംഖ്യ കെട്ടിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുകയും കോടതി ഇളവ് അനുവദിക്കുകയും ചെയ്തു. അങ്ങനെയാണ് അന്ന് നാട്ടില്‍ പോയത്. കര്‍ണാടക പോലീസിനെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തവണ കോടതി അനുകൂല തീരുമാനം എടുത്തില്ല. ഈ സാഹചര്യത്തില്‍ പണം കൊടുത്ത് നാട്ടിലേക്കില്ല. ഒട്ടേറെ പട്ടിണി പാവങ്ങള്‍ ജയിലില്‍ ആരാലും സഹായിക്കാനില്ലാതെ കഴിയുന്നുണ്ട്. ആ വേളയില്‍ ലക്ഷങ്ങള്‍ കെട്ടിവച്ച് നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. വരും ദിവസങ്ങളിലും നിയമ പോരാട്ടം നടത്തും. അഭിഭാഷകരുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും അബ്ദുന്നാസര്‍ മദനി അറിയിച്ചു.












Click it and Unblock the Notifications