154 എംഎൽഎമാർ ഒപ്പിട്ട സത്യവാങ്മൂലം പിൻവലിച്ച് ത്രികക്ഷി സഖ്യം! സമയം നീട്ടാനുളള നീക്കം പാളി!
ദില്ലി: സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി ത്രികക്ഷി സഖ്യം സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ചു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബിജെപി കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ത്രികക്ഷി സഖ്യം സത്യവാങ്മൂലം പിന്‍വലിച്ചത്. കൂടുതല്‍ സമയം അനുവദിക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ കേസ് നീട്ടിക്കൊണ്ട് പോകാനുളള ശ്രമം തടയാനാണ് ത്രികക്ഷി സഖ്യം സത്യവാങ്മൂലം പിന്‍വലിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിനും ശിവസേനയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. 148 എംഎല്‍എമാരുടേയും 6 സ്വതന്ത്രരുടേയും അടക്കം 154 പേരുടെ പിന്തുണ ത്രികക്ഷി സഖ്യത്തിനുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ വേണ്ടി മാത്രമായി പ്രത്യേക നിയമസഭ വിളിച്ച് ചേര്‍ക്കണം. സുപ്രീം കോടതി ഇടപെട്ട് ജനാധിപത്യത്തിന്‌റെ പരിശുദ്ധി സംരക്ഷിക്കണം എന്നും മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് ഉപാധികളും ത്രികക്ഷി സഖ്യം മുന്നോട്ട് വെച്ചു.
വിശ്വാസ വോട്ടെട്ടുപ്പ് 24 മണിക്കൂറിനകമോ 48 മണിക്കൂറിനുളളിലോ നടത്തണം, ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറായി നിയോഗിക്കണം, രഹസ്യവോട്ടെടുപ്പ് നടത്തരുത് എന്നീ ഉപാധികളാണ് ത്രികക്ഷി സഖ്യം മുന്നോട്ട് വെച്ചത്. ഏറ്റവും മോശമായ വഞ്ചനയാണ് നടന്നിരിക്കുന്നതെന്നും എന്‍സിപിയുടെ ഒരു എംഎല്‍എ എങ്കിലും അജിത് പവാറിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞിട്ടുണ്ടോ എന്നും സിംഗ്വി ചോദിച്ചു. വിശ്വാസ വോട്ടെടുപ്പ് വേണം എന്ന് തന്നെയാണ് രണ്ട് കക്ഷികളും പറയുന്നത്. എന്നാല്‍ അത് പെട്ടെന്ന് നടത്തരുത് എന്നാണ് ബിജെപിയുടെ ആവശ്യമെന്നും സിംഗ്വി പറഞ്ഞു. ഭൂരിപക്ഷം ഉണ്ടെങ്കില്‍ ബിജെപി എന്തിനാണ് ഭയക്കുന്നതെന്നും മനു അഭിഷേക് സിംഗ്വി ചോദിച്ചു.












Click it and Unblock the Notifications