ഒവൈസിയുടെ നാക്കറുക്കുന്നവര്‍ക്ക് 21,000 രൂപ നല്‍കുമെന്ന് എബിവിപി
ലക്‌നൗ: കത്തി കഴുത്തില്‍വെച്ച് ഭീഷണി മുഴക്കിയാലും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം പറയില്ലെന്ന് പറഞ്ഞ എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസിക്കെതിരെ ഭീഷണിയുമെത്തി. ഒവൈസിയുടെ നാക്കറുക്കുന്നവര്‍ക്ക് 21,000 രൂപ പാരിതോഷികം നല്‍കുമെന്നാണ് പറയുന്നത്.
എബിവിപി നേതാവ് ദുഷ്യന്ത് ഒമറാണ് ഒവൈസിക്കെതിരെ ഭീഷണി മുഴക്കിയത്. മീററ്റ് കോളജിലെ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒവൈസിയുടെ പരാമര്‍ശം രാജ്യവിരുദ്ധമാണെന്ന് ദുഷ്യന്ത് പറയുന്നു. അയാളൊരു രാജ്യസ്‌നേഹിയല്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

രാജ്യവിരുദ്ധ പ്രസ്താവനയിറക്കിയ അസാദുദ്ദീന്‍ ഒവൈസിയുടെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതാവാണ് ദുഷ്യന്ത് ഒമര്‍.
കഴിഞ്ഞ ദിവസം ലാത്തൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്താണ് ഒവൈസി വിവാദ പരാമര്‍ശം നടത്തിയത്. ആര് ആവശ്യപ്പെട്ടാലും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം താന്‍ വിളിക്കില്ലെന്നാണ് ഒവൈസി പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയും ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.












Click it and Unblock the Notifications