വിജയ് പെട്ടു എന്നത് ശരിയല്ല; പ്രശാന്ത് കിഷോര്‍ തിരിച്ചെത്തും, തമിഴ്‌നാട്ടില്‍ നിര്‍ണായക നീക്കങ്ങള്‍
ചെന്നൈ: സിനിമാ അഭിനയം താല്‍ക്കാലികമായി അവസാനിപ്പിച്ച് മുഴുസമയ രാഷ്ട്രീയത്തില്‍ സജീവമായ നടന്‍ വിജയ് സംസ്ഥാന വ്യാപകമായ യാത്ര തമിഴ്‌നാട്ടില്‍ സംഘടിപ്പിക്കാന്‍ പോകുകയാണ്. തമിഴ് വെട്രി കഴകം (ടിവികെ) മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയിയെ തീരുമാനിച്ചിട്ടുമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത്.
ഡിഎംക, ബിജെപി എന്നീ കക്ഷികളെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ കളം നിറയുന്ന വിജയ് കഴിഞ്ഞ ദിവസം എഐഎഡിഎംകെയെയും തള്ളിപ്പറഞ്ഞു. അതായത്, തന്റെ രാഷ്ട്രീയ യാത്രയില്‍ സഖ്യമുണ്ടാകില്ലെന്നും തനിച്ചാകുമെന്നും വിജയ് സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലാ ജനവിഭാഗത്തെയും ഉള്‍ക്കൊണ്ടു മുന്നോട്ട് പോകുമെന്നും വിജയ് പറയുന്നു. ഈ വേളയിലാണ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്...

ബിജെപി, ഡിഎംകെ തുടങ്ങി പ്രധാന പാര്‍ട്ടികള്‍ക്ക് വേണ്ടി രാഷ്ട്രീയ തന്ത്രം മെനഞ്ഞ് കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെക്കൊപ്പം പ്രശാന്ത് കിഷോര്‍ ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. അതിനിടെയാണ് അദ്ദേഹം വിജയുടെ ടിവികെയുമായി കരാര്‍ ഒപ്പുവച്ചത്.
ടിവികെയുടെ വാര്‍ഷിക പരിപാടിയില്‍ വിജയ്‌ക്കൊപ്പം പ്രശാന്ത് കിഷോറും വേദിയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തമിഴ്‌നാട്ടില്‍ സജീവമല്ല. പ്രാശാന്ത് കിഷോര്‍ നടന്‍ വിജയിയെ പാതിവഴിയില്‍ ഉപേക്ഷിച്ചോ എന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി പ്രശാന്ത് കിഷോര്‍ രംഗത്തുവന്നിരിക്കുന്നത്.
നവംബറിന് ശേഷം എത്തും
ബിഹാര്‍ സ്വദേശിയാണ് പ്രശാന്ത് കിഷോര്‍. അടുത്തിടെ ജന്‍ സ്വരാജ് പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ചിരുന്നു. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രശാന്ത് കിഷോര്‍ ചെറിയ അവധി അടുത്തതാണ്. നവംബറിന് ശേഷം വീണ്ടും വിജയുടെ പ്രചാരണങ്ങളില്‍ സജീവമാകും എന്ന് അദ്ദേഹം ടൈംസ്ഓഫ് ഇന്ത്യയോട് പറഞ്ഞു.
ടിവികെയുടെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന അടുത്തിടെ രൂപീകരിച്ച കണ്‍സള്‍ട്ടിങ് കമ്പനിയാണ് വോയ്‌സ് ഓഫ് കോമണ്‍. ഇതുമായി ചേര്‍ന്ന് പ്രശാന്ത് കിഷോറിന്റെ സംഘവും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് 30 പേരെ ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. കുറച്ചുപേര്‍ മാത്രമാണ് വോയ്‌സ് ഓഫ് കോമണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. അതേസമയം, സ്വതന്ത്ര കണ്‍സള്‍ട്ടന്റ് ആയ ജോണ്‍ അരോകിയസാമി ഉള്‍പ്പെടെയുള്ളവര്‍ ടിവികെക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും.
തമിഴ്‌നാട്ടില്‍ എല്ലാ പാര്‍ട്ടികളും പൊളിറ്റിക്കല്‍ വാര്‍ റൂം തുറന്നിട്ടുണ്ട്. ജനങ്ങളെ സ്വാധീനിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ഡിഎംകെക്ക് വേണ്ടി റോബിന്‍ ശര്‍മയും ഐപിഎ-സി എന്ന ഇവന്റ് സംഘവുമാണ് പ്രവര്‍ത്തിക്കുന്നത്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന് വേണ്ടിയും മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെക്ക് വേണ്ടിയും പ്രവര്‍ത്തിച്ച് വിജയം കൈവരിച്ച സംഘമാണ് റോബിന്‍ ശര്‍മയുടേത്. ശ്രാവന്ത് ദേവഭക്തിനി എന്ന കണ്‍സള്‍ട്ടിങ് സംഘമാണ് എഐഎഡിഎംകെക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ചന്ദ്രബാബു നായിഡു, വസുന്ദര രാജെ, പവന്‍ കല്യാണ്‍ എന്നിവര്‍ക്ക് വേണ്ടി നേരത്തെ പ്രവര്‍ത്തിച്ച സംഘമാണിത്.












Click it and Unblock the Notifications