വിവാഹ വാര്‍ത്ത, സ്വകാര്യ ചിത്രങ്ങള്‍; പണം തട്ടല്‍... അമല പോളിനെ വട്ടംകറക്കി കാമുകന്‍, അറസ്റ്റ്
ചെന്നൈ: നടി അമല പോളിന്റെ കാമുകന്‍ അറസ്റ്റില്‍. കാമുകന്‍ ഭവ്‌നീന്ദര്‍ സിങ് ദത്തിനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി നടി രംഗത്തുവന്നിരുന്നു. വില്ലുപുരം പോലീസില്‍ നടി നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നടിയും കാമുകനും ചേര്‍ന്ന് ആരംഭിച്ച കമ്പനിയുടെ ഉടമസ്ഥാവകാശം പിന്നീട് പ്രതി രഹസ്യമായി മാറ്റിയിരുന്നു.
അമല പോളിനെ വിവാഹം ചെയ്തുവെന്ന വ്യാജ പ്രചാരണവും ഇതിനിടെ ഉണ്ടായി. മത്രമല്ല, ഇരുവരും സ്വകാര്യമായി പകര്‍ത്തി ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. ഇതോടെയാണ് നടി പോലീസില്‍ പരാതിപ്പെട്ടതും ഇപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നതും....

കാമുകന്‍ ഭവ്‌നീന്ദര്‍ സിങുമായി ഇപ്പോള്‍ അത്ര രസത്തിലല്ല അമല പോള്‍. ഇരുവരും അകന്നിട്ടുണ്ട്. ഭവ്‌നീന്ദര്‍ തന്നെ വഞ്ചിക്കുന്നുവെന്ന് മനസിലാക്കിയ ശേഷമാണ് നടി ബന്ധം അവസാനിപ്പിച്ചത്. ഇരുവരും തമ്മിലുണ്ടായിരുന്ന ബിസിനസ് കരാര്‍ പ്രതി ലംഘിച്ചുവെന്നാണ് കേസ്. മാത്രമല്ല, നടിയുടെ രഹസ്യ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭവ്‌നീന്ദര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

വില്ലുപുരം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. 2018ല്‍ അമല പോളും ഭവ്‌നീന്ദര്‍ സിങും ചേര്‍ന്ന് സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ചിരുന്നു. പിന്നീട് കമ്പനി പെരിയമുതലിയാര്‍ ചവഡിയിലേക്ക് ഓഫീസ് മാറ്റി. ശേഷമാണ് തര്‍ക്കമുണ്ടായതും പിരിഞ്ഞതും.

നടി വന്‍ തുക കമ്പനിയില്‍ നിക്ഷേപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കമ്പനി കഡാവര്‍ എന്ന സിനിമ നിര്‍മിക്കുകയും ചെയ്തിരുന്നു. വ്യാജ രേഖ നിര്‍മിച്ച് ഭവ്‌നീന്ദര്‍ നടിയെ വഞ്ചിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍. അമല പോളിനെ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പ്രതി രഹസ്യമായി നീക്കിയത്രെ.

അമല പോളിനൊപ്പമുള്ള രഹസ്യ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭവ്‌നീന്ദര്‍ ഭീഷണിപ്പെടുത്തിയെന്നും നടി പരാതിപ്പെടുന്നു. ഗായകന്‍ കൂടിയാണ് ഭവ്‌നീന്ദര്‍ സിങ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും മാനസികമായും സാമ്പത്തികമായും പ്രയാസപ്പെടുത്തിയെന്നും നടിയുടെ പരാതിയില്‍ പറയുന്നു.

അമല പോളും ഭവ്‌നീന്ദറും തമ്മിലുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന പ്രചാരണത്തിന് ഇത് കാരണമായി. 2018ല്‍ സ്വകാര്യമായി പകര്‍ത്തിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത് എന്നാണ് നടിയുടെ ആക്ഷേപം. തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ട് അമല പോള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

2020 മാര്‍ച്ചിലാണ് അമല പോളിന്റെയും ഭവ്‌നീന്ദറിന്റെയും ചിത്രങ്ങള്‍ പ്രചരിച്ചത്. രാജസ്ഥാനി വധൂ വരന്മാരുടെ വേഷത്തിലായിരുന്നു ഫോട്ടോ. ഇതോടെയാണ് ഇരുവരും വിവാഹിതരായി എന്ന പ്രചാരണമുണ്ടായത്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കാനുള്ള ഭവ്‌നീന്ദറിന്റെ നീക്കമായിരുന്നുവെന്ന് നടി ആരോപിക്കുന്നു. വ്യാജ പ്രചാരണം ശക്തമായതോടെ ഭവ്‌നീന്ദര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തു.

വ്യാജ വിവാഹ ചിത്രങ്ങള്‍ക്ക് ശേഷം അമല പോളിന്റെയും ഭവ്‌നീന്ദറിന്റെയും സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 2017ല്‍ ആദ്യ വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞ ശേഷമാണ് അമല പോള്‍, ഭവ്‌നീന്ദറുമായി അടുത്തത്. സംവിധായകന്‍ എഎല്‍ വിജയ് ആയിരുന്നു അമല പോളിന്റെ ഭര്‍ത്താവ്. 4 വര്‍ഷം പ്രണയിച്ച ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധം പിരിയുകയായിരുന്നു. ക്രിസ്റ്റഫര്‍, ആടുജീവിതം എന്നീ ചിത്രങ്ങളാണ് അമല പോളിന്റെതായി ഇനി വരാനുള്ള സിനിമകള്‍.












Click it and Unblock the Notifications