ബോളിവുഡ് നടി കങ്കണ ലോക്‌സഭയിലേക്ക്; ബിജെപി ടിക്കറ്റ്, പുതിയ നീക്കത്തിന് പിന്നില്‍...
ധര്‍മശാല: സംഘപരിവാര്‍ സഹയാത്രികയായ ബോളിവുഡ് നടി കങ്കണ റണാവത്ത് ലോക്‌സഭയിലേക്ക് മല്‍സരിച്ചേക്കും. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കങ്കണയുടെ പേരും ബിജെപി നേതൃത്വം പരിഗണിക്കുന്നു. കോണ്‍ഗ്രസുമായി ശിവസേനയുമായും ഉടക്കി നില്‍ക്കുന്ന കങ്കണയ്ക്ക് പിന്നില്‍ ബിജെപി നിലയുറപ്പിക്കുന്നത് മഹാരാഷ്ട്രയില്‍ വലിയ വിവാദമായിരുന്നു.
കങ്കണയുടെ മുംബൈയിലെ ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയം ബിജെപി-ശിവസേന നേതാക്കള്‍ തമ്മിലുള്ള പോരായി മാറിയതും വിവാദമായി. ഈ സാഹചര്യത്തില്‍ കൂടിയാണ് കങ്കണയെ ലോക്‌സഭയിലെത്തിക്കാന്‍ ബിജെപിയുടെ ആലോചന നടക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാമസ്വരൂപ് ശര്‍മയായിരുന്നു മാണ്ഡിയിലെ എംപി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം മരിച്ചു. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 30നാണ് ഉപതിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന ചര്‍ച്ചകള്‍ക്ക് ബിജെപി തുടക്കമിട്ടുകഴിഞ്ഞു. പ്രധാനമായും കങ്കണയുടെ പേര് പരിഗണിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത.

മാണ്ഡി ലോക്‌സഭാ മണ്ഡലത്തിന് പുറമെ ചില നിയമസഭാ മണ്ഡലങ്ങളിലും ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഫത്തേപൂര്‍, ജുബ്ബല്‍ കോട്ഖായ്, അര്‍ക്കി എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ആറ് തവണ മുഖ്യമന്ത്രിയായ വിദര്‍ഭ സിങ് മരിച്ചതിനെ തുടര്‍ന്നാണ് അര്‍ക്കിയില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നത്. മറ്റു രണ്ടു മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ മരിച്ചത് അടുത്തിടെയാണ്.

മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ നടി കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബിജെപി നേതാക്കള്‍ക്ക് താല്‍പ്പര്യമുണ്ട്. കങ്കണ സ്ഥാനാര്‍ഥിയാകേണ്ട എന്ന അഭിപ്രായമുള്ള ബിജെപി നേതാക്കളമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ഏറെ കാലമായി പ്രവര്‍ത്തിക്കുന്ന നേതാക്കളെ മല്‍സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

മാണ്ഡി ജില്ലയിലെ ഭംബ്ല ഗ്രാമത്തിലാണ് കങ്കണ ജനിച്ചതും വളര്‍ന്നതും. അവര്‍ അടുത്തിടെ മണാലിയില്‍ പുതിയ വീട് വച്ചിരുന്നു. ഇതും മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന പ്രദേശമാണ്. കങ്കണയെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയാല്‍ യുവജനങ്ങളുടെ പിന്തുണ കൂടുതല്‍ ലഭിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ദേശീയ തലത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമായ കങ്കണയുടെ സ്റ്റാര്‍ പദവി ഉപയോഗപ്പെടുത്തി പുതിയ പദ്ധതികള്‍ ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം കങ്കണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലഖ്‌നൗവിലെത്തിയാണ് നടി മുഖ്യമന്ത്രിയെ കണ്ടത്. ഉത്തര്‍ പ്രദേശില്‍ നടപ്പാക്കുന്നത് രാജ്യത്തിന് മാതൃകയായ വികസന പദ്ധതികളാണെന്ന് കങ്കണ പറയുന്നു. ഇക്കാര്യത്തില്‍ പ്രത്യേകം നന്ദി അറിയിക്കാനാണ് യോഗിയെ നടി കണ്ടതെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.

കങ്കണ റണാവത്തിനെ അയോധ്യയിലേക്ക് യോഗി ക്ഷണിച്ചിട്ടുണ്ട്. ശ്രീരാമന്റെ അനുഗ്രഹം വാങ്ങണമെന്നും യോഗി ആവശ്യപ്പെട്ടിട്ടുണ്ട്. യോഗിയെ രാമചന്ദ്രനെ പോലുള്ള സന്യാസി രാജാവ് എന്നാണ് കങ്കണ വിശേഷിപ്പിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയുടെ പ്രചാരണത്തില്‍ കങ്കണ മുന്നിലുണ്ടാകുമെന്നാണ് സൂചനകള്‍.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ഉത്തര്‍ പ്രദേശില്‍ യോഗി സര്‍ക്കാര്‍ ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ബ്രാന്‍ഡ് അംബാസഡറായി കങ്കണയെ നിയോഗിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് യോഗിയെ നടി കണ്ടതെന്ന് പറയുന്നു. ഉത്തര്‍ പ്രദേശിലും ഹിമാചല്‍പ്രദേശിലും കങ്കണയെ മുന്നില്‍ നിര്‍ത്തി പ്രചാരണം ശക്തിപ്പെടുത്താനാണ് ബിജെപിയുടെ ആലോചന. കങ്കണ വഴി കൂടുതല്‍ താരങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കാനും പാര്‍ട്ടിക്ക് ആലോചനയുണ്ട്.












Click it and Unblock the Notifications