തമിഴ് സംവിധായകന്‍ ബലാത്സംഗം ചെയ്ത് ലൈംഗിക അടിമയാക്കിയെന്ന് നടി; 'മലയാള നടനും ഉപദ്രവിച്ചു'
ചെന്നൈ: മലയാള സിനിമയില്‍ വന്‍ കോളിളക്കമുണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അലയൊലികള്‍ തമിഴ് സിനിമാ ലോകത്തേക്കും. തമിഴ് സംവിധായകനില്‍ നിന്ന് ക്രൂരമായ ബലാത്സംഗം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഒരു വര്‍ഷത്തോളം അയാളുടെ ലൈംഗിക അടിമയായി തനിക്ക് കഴിയേണ്ടി വന്നിട്ടുണ്ട് എന്നും നടി സൗമ്യ എന്ന സുജാത പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു അവരുടെ പ്രതികരണം.
സംവിധായകന്റെ പേര് ഇപ്പോള്‍ പരസ്യപ്പെടുത്തുന്നില്ലെന്നും കേരളത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതിയില്‍ പേര് വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നും സൗമ്യ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേര് വ്യക്തമാക്കിയിട്ടുള്ള ഒരു മലയാള നടനും തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി സംവിധായകരും നടന്‍മാരും ടെക്‌നീഷ്യന്‍മാരും ലൈംഗികമായി ദുരുപയോഗം ചെയ്തതായും അവര്‍ സൂചിപ്പിച്ചു.

നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'18-ാം വയസിലാണ് അഭിനയ മോഹവുമായി സിനിമയില്‍ എത്തുന്നത്. കോളേജിലെ ഒന്നാം വര്‍ഷമായിരുന്നു അത്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുള്ള ചുറ്റുപാടില്‍ നിന്നാണ് ഞാന്‍ വന്നത്. എന്റെ മാതാപിതാക്കള്‍ക്ക് സിനിമകളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നത് എന്റെ കോളേജ് തിയേറ്റര്‍ കോണ്‍ടാക്റ്റിലൂടെയാണ് വന്നത്.
കുട്ടിക്കാലത്ത് ഞാന്‍ എന്റെ വീടിനടുത്ത് താമസിച്ചിരുന്ന നടി രേവതിയില്‍ വലിയ ആകൃഷ്ടയായിരുന്നു. ഞാനൊരു സങ്കല്‍പ്പ ലോകത്തായിരുന്നു. എന്നാല്‍ കുട്ടിയായതിനാല്‍ തന്നെ എനിക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്റെ സ്‌ക്രീന്‍ ടെസ്റ്റിനായി വലിയ തുക ചെലവഴിച്ചു എന്ന് സംവിധായകന്‍ അച്ഛനോട് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകനുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഞാന്‍ അസ്വസ്ഥയായിരുന്നു. എന്നിരുന്നാലും ആ സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ ബാധ്യസ്ഥയായിരുന്നു.
ആദ്യത്തെ ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനിടയില്‍ അദ്ദേഹം എന്നോട് സംസാരിച്ചില്ല. അയാളുടെ ഭാര്യ സംവിധായികയാകും എന്നായിരുന്നു കരാര്‍. പക്ഷേ അത് കടലാസില്‍ മാത്രമായിരുന്നു. യഥാര്‍ത്ഥത്തില്‍ ആ സിനിമ മുഴുവന്‍ അദ്ദേഹമാണ് സംവിധാനം ചെയ്തത്. ഞാന്‍ അയാളുടെ നിയന്ത്രണത്തിലായിരുന്നു. പലപ്പോഴും എന്നോട് രോഷത്തോടെ സംസാരിച്ചു. അയാളെ ഞാന്‍ വളരെ ഭയപ്പെട്ടു.
മകള്‍ ഇയാളെ കുറിച്ച് ബലാത്സംഗം ആരോപിച്ച് ഉപേക്ഷിച്ച് പോയതാണ്. എന്നാല്‍ അത് കള്ളമാണ് എന്ന് ദമ്പതികള്‍ എന്നോട് പറഞ്ഞു. എന്നെ മകളെ പോലെയാണ് എന്നും പറഞ്ഞു. അവര്‍ എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവര്‍ എനിക്ക് നല്ല ഭക്ഷണം നല്‍കി. എന്നോട് നന്നായി പെരുമാറി. ഒരു നല്ല ദിവസം, ഭാര്യ അടുത്തില്ലാത്തപ്പോള്‍ ഈ മനുഷ്യന്‍ എന്നെ ചുംബിച്ചു, ഞാന്‍ ആകെ മരവിച്ചു.
എന്റെ സുഹൃത്തുക്കളോട് പറയാന്‍ ആഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ല. പരിശീലനത്തിനും നൃത്ത റിഹേഴ്‌സലിനുമായി എനിക്ക് ആ വീട്ടില്‍ പോകേണ്ടി വന്നു. ഈ സമയങ്ങളിലെല്ലാം അയാളെ ഞാന്‍ എതിര്‍ത്തു. ഒടുവില്‍ അയാള്‍ എന്റെ ശരീരം പൂര്‍ണ്ണമായും ഉപയോഗിച്ചു. എന്നെ ബലാത്സംഗം ചെയ്തു. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷത്തോളം ഇത് തുടര്‍ന്നു. മകളെ പോലെ കാണുന്നു എന്ന് പറഞ്ഞ അയാള്‍ എന്നില്‍ കുട്ടി വേണമെന്ന് വരെ പറഞ്ഞു.
തുടര്‍ന്ന് മലയാള സിനിമാ മേഖലയിലും ലൈംഗികാതിക്രമം തുടര്‍ന്നു. 90 കളില്‍ ഹിറ്റായ മൂന്ന് സിനിമകളാണ് ഞാന്‍ ചെയ്തത്. എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഒരു സഹതാരത്തിന്റെ പേര് ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവിധായകരും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും എന്നെ അധിക്ഷേപിച്ചു. അവകാശ ലംഘനങ്ങളും ഉണ്ടായിട്ടുണ്ട്. ഒരാള്‍ എന്റെ നേരെ തുപ്പുകയും ചെയ്തു.
ഈ ട്രോമയില്‍ നിന്ന് കരകയറാന്‍ എനിക്ക് 30 വര്‍ഷമാണ് എടുക്കേണ്ടി വന്നത്. ഇത്തരം ദുരുപയോഗങ്ങളെല്ലാം തുറന്ന് പറയണം. അതിന് അതിജീവിതമാരെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു,' സൗമ്യ പറയുന്നു.












Click it and Unblock the Notifications