''ശ്രീദേവി പട്ടിണി കിടക്കുമായിരുന്നു, ഉപ്പില്ലാത്ത ഭക്ഷണം'', ശ്രീദേവിയുടെ മരണ കാരണം വെളിപ്പെടുത്തി ബോണി കപൂർ
മുംബൈ: സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചതായിരുന്നു നടി ശ്രീദേവിയുടെ മരണം. ദുബായിലെ ഹോട്ടലിലെ ബാത്ത്ടബ്ബിലാണ് 2018 ഫെബ്രുവരി 24ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ മരണം സംബന്ധിച്ച് പല വിധത്തിലുളള അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് ഭര്‍ത്താവും പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍. ശ്രീദേവി കടുത്ത ഡയറ്റ് ആയിരുന്നു പിന്തുടര്‍ന്നിരുന്നത് എന്നും അത് മൂലം പലവട്ടം ബോധം നഷ്ടപ്പെട്ടിരുന്നുവെന്ന് ബോണി കപൂര്‍ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോണി കപൂറിന്റെ വെളിപ്പെടുത്തല്‍.

''അതൊരു സ്വാഭാവിക മരണമായിരുന്നില്ല. അപകട മരണമായിരുന്നു. അതേക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് ഞാന്‍ തീരുമാനിക്കാനുളള കാരണം ഏകദേശം 24-48 മണിക്കൂറോളം ഞാന്‍ ചോദ്യം ചെയ്യലിന് വേണ്ടി പോലീസിന് മുന്നിലിരുന്നിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നും വലിയ തോതില്‍ സമ്മര്‍ദ്ദം ഉണ്ടെന്നും അതുകൊണ്ട് ഇത് ചെയ്‌തേ പറ്റൂ എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞത്'', ബോണി കപൂര്‍ വെളിപ്പെടുത്തി.
''മരണത്തില്‍ യാതൊരു വിധത്തിലുളള കള്ളക്കളികളും നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നുണ പരിശോധന അടക്കമുളള പല വിധത്തിലുളള നടപടികളിലൂടെ ഞാന്‍ കടന്ന് പോയി. അതൊരു അപകടമരണം മാത്രമായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു'', ബോണി കപൂര്‍ കൂട്ടിച്ചേര്‍ത്തു.
''മരണ സമയത്ത് കടുത്ത ഡയറ്റ് ആയിരുന്നു ശ്രീദേവി പിന്തുടര്‍ന്നിരുന്നത്. പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. കാഴ്ചയില്‍ നന്നായിരിക്കണമെന്ന് അവള്‍ക്കുണ്ടായിരുന്നു. ശരീരം നല്ല രീതിയില്‍ വേണം എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു, എങ്കിലേ സ്‌ക്രീനില്‍ നന്നായിരിക്കൂ എന്ന് അവള്‍ കരുതി. താനുമായുളള വിവാഹം കഴിഞ്ഞതിന് ശേഷം പല തവണയായി ശ്രീദേവിക്ക് ബോധക്ഷയം ഉണ്ടായിരുന്നു. ശ്രീദേവിക്ക് ബിപി കുറയുന്ന പ്രശ്‌നം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞുകൊണ്ടിരുന്നു'', ബോണി കപൂര്‍ വ്യക്തമാക്കി.

ശ്രീദേവിക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുന്നതിനിടെയുണ്ടായ സംഭവം തെലുഗ് സൂപ്പര്‍താരം നാഗാര്‍ജുന പറഞ്ഞതും ബോണി കപൂര്‍ പങ്കുവെച്ചു. ''ശ്രീദേവിയുടെ മരണശേഷം ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ നാഗാര്‍ജുന വീട്ടില്‍ വന്നിരുന്നു. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ശ്രീദേവി കടുത്ത ഡയറ്റിലായിരുന്നു. അങ്ങനെ കുളിമുറിയില്‍ തലകറങ്ങി വീഴുകയും പല്ല് പൊട്ടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു''.
ശ്രീദേവി കടുത്ത ഡയറ്റ് പിന്തുടരുന്ന കാര്യം വിവാഹ ശേഷം തനിക്ക് അറിയാമായിരുന്നുവെന്ന് ബോണി കപൂര്‍ പറയുന്നു. ഭക്ഷണത്തില്‍ കുറച്ച് ഉപ്പ് ഉള്‍പ്പെടുത്താന്‍ ശ്രീദേവിയോട് പറയണമെന്ന് താന്‍ ഡോക്ടറോട് നിര്‍ബന്ധിക്കുമായിരുന്നു. അത്താഴം കഴിക്കുമ്പോള്‍ ഉപ്പില്ലാത്ത ഭക്ഷണത്തിന് ശ്രീദേവി ആവശ്യപ്പെടുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അവള്‍ അത് ഗൗരവമായി എടുത്തില്ല. മരണം സംഭവിക്കുന്നത് ഇത് ഇത്രയും ഗുരുതര പ്രശ്‌നമാണ് എന്ന് കരുതിയില്ലെന്നും ബോണി കപൂര്‍ പറഞ്ഞു.












Click it and Unblock the Notifications