കൊവിഷീൽഡ് വാക്സിന്റെ വിലകുറച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്: സംസ്ഥാനങ്ങൾക്ക് 300 രൂപയ്ക്ക് നൽകും
മുംബൈ: രാജ്യത്ത് കൊവിഡ് വാക്സിന് വില വർധിപ്പിച്ചത് രൂക്ഷവിമർശനമുയർന്നതോടെ നിലപാട് പരിഷ്കരിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്. സംസ്ഥാനങ്ങൾക്കുള്ള കൊവിഷീൽഡ് വാക്സിന്റെ വില 400 രൂപയിൽ നിന്ന് 300 രൂപയാക്കി കുറച്ചിട്ടുണ്ട്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
സംസ്ഥാനങ്ങൾക്ക് വിൽക്കുന്ന വാക്സിന്റെ നിരക്ക് 300 രൂപയാക്കിക്കൊണ്ട് മുന്നോട്ടുപോകുമെന്ന് ട്വീറ്റിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുള്ളത്. ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും കമ്പനി ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. തങ്ങളുടെ ഈ തീരുമാനം ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നും അഡാർ പൂനെവാല വ്യക്തമാക്കി. ഈ നീക്കം വാക്സിനേഷന്റെ തോത് വർധിപ്പിക്കുമെന്നും അനവധി പേരുടെ ജീവൻ രക്ഷിക്കുമെന്നും ട്വീറ്റിൽ കുറിച്ചു.

കോവിഷീൽഡ് വാക്സിന് വില വർധിപ്പിക്കുന്നതായി ഏപ്രിൽ 21നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്. ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപയ്ക്കും സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കുമായിരിക്കും വാക്സിൻ വിൽക്കുകയെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. നിലവിലുള്ള ഡോസ് 150 രൂപയ്ക്ക് വാക്സിൻ നൽകാനുള്ള കരാർ അവസാനിച്ചുകഴിഞ്ഞാൽ സർക്കാരുകൾക്ക് സൌജന്യമായി വാക്സിൻ നൽകുന്നത് അവസാനിപ്പിക്കുമെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു.
വാക്‌സിനുകളുടെ വില ഉയർത്താനുള്ള തീരുമാനം വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതോടെ ഏപ്രിൽ 26 ന് എസ്‌ഐഐയോടും ഭാരത് ബയോടെക്കിനോടും കൊവിഡ് വാക്‌സിനുകളുടെ വില കുറയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications