സര്‍ബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നുവെന്ന് ബാബ രാംദേവ്, 'ഇത് സര്‍ബത്ത് ജിഹാദ്'
ന്യൂഡല്‍ഹി: രാജ്യത്ത് സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്രസകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി പതഞ്ജലി സ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവ്. സര്‍ബത്ത് ജിഹാദാണ് ഇവിടെ നടക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചരണത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക' എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്ട്സ് ഫേസ്ബുക്കില്‍ ബാബ രാംദേവിന്റെ വീഡിയോ പങ്കുവെച്ചത്.

വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ വേണ്ടി ടോയ്ലറ്റ് ക്ലീനര്‍ ഉപയോഗിക്കുന്നത് പോലെയാണ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്ന് രാംദേവ് പറയുന്നു. ഇത് ഒരു തരത്തില്‍ ആക്രമണമാണ് എന്നും വിഷത്തിന് തുല്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ വേണ്ടി ആളുകള്‍ അടിസ്ഥാനപരമായി ടോയ്ലറ്റ് ക്ലീനറായ ശീതളപാനീയങ്ങള്‍ കുടിക്കുന്നു.
ഒരു വശത്ത് ടോയ്ലറ്റ് ക്ലീനര്‍ പോലുള്ള വിഷത്തിന്റെ ആക്രമണമാണ്. മറുവശത്ത്, സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്പനിയുണ്ട്.അ അവര്‍ അതില്‍ നിന്ന് സമ്പാദിക്കുന്ന പണം പള്ളികളും മദ്രസകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. അത് എന്തോ ആയിക്കൊള്ളട്ടെ. കാരണം അത് അവരുടെ മതമാണ്,' രാംദേവ് വീഡിയോയില്‍ പറയുന്നു. ഹംദര്‍ദിന്റെ റൂഹ് അഫ്‌സയെ ഉദ്ദേശിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ആ കമ്പനിയുടെ സര്‍ബത്ത് കുടിക്കുന്നത് പ്രത്യക്ഷത്തില്‍ പള്ളികളുടെയും മദ്രസകളുടെയും നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിന് തുല്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പതഞ്ജലിയുടെ റോസ് സര്‍ബത്ത് തിരഞ്ഞെടുക്കുന്നത് ഗുരുകുലങ്ങള്‍, ആചാര്യകുളം, പതഞ്ജലി സര്‍വകലാശാല, ഭാരതീയ ശിക്ഷാ ബോര്‍ഡ് എന്നിവയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ് എന്നും ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കിട്ട ഈ വീഡിയോ 37 ദശലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. അതേസമയം ബാബ രാംദേവിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ ജിഹാദ് കൂടി അവതരിച്ചിരിക്കുന്നു എന്നും ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നുമാണ് പലരും ചോദിക്കുന്നത്.












Click it and Unblock the Notifications