അഹമ്മദാബാദ് വിമാന അപകടം: യാത്രക്കാരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനിയും
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്ന് വീണ വിമാനത്തിലെ യാത്രക്കാരില്‍ മുതിർന്ന ബി ജെ പി നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ വിജയ് രൂപാനിയും. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നു. വിജയ് രൂപാണി ഉള്‍പ്പെടെ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 242 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനദുരന്തത്തിൽ നൂറിലേറെ പേർ മരിച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. വലിയ അപകടമായതിനാല്‍ തന്നെ മരണസംഖ്യ ഉയരാനുള്ള സാധ്യതയും കൂടുതലാണ്. അപകടം നടന്ന സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. താഴ്ന്നു പറക്കുന്ന വിമാനം പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി 270 അംഗ എന്‍ ഡി ആർ എഫ് സംഘത്തെ വിന്യസിച്ചു. അർദ്ധസൈനിക വിഭാഗവും രാക്ഷദൌത്യത്തിന്റെ ഭാഗമാകും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി രാം മോഹന്‍ നായിഡു അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് (രജിസ്ട്രേഷൻ നമ്പർ VT-ANB) അപകടത്തില്‍പ്പെട്ടത്. 11 വർഷം പഴക്കമുള്ള വിമാനമാണിത്. 1:38 ന് ടേക്ക് ഓഫ് ചെയ്ത വിമാനം രണ്ട് മിനുട്ടിന് പിന്നാലെ തകർന്ന് വീണുവെന്നാണ് വിവരം.
242 പേർ
230 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു (2 പൈലറ്റുമാർ, 10 ക്യാബിൻ ക്രൂ) വിമാനത്തിലുണ്ടായിരുന്നത്. ക്യാപ്റ്റൻ സുമീത് സഭർവാലിന് 8200 മണിക്കൂർ വിമാനം പറത്തിയ പരിചയസമ്പത്തുണ്ടെന്ന് എയർ ഇന്ത്യ അറിയിക്കുന്നത്. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറിന് 1100 മണിക്കൂർ വിമാനം പറത്തിയ പരിചയമാണുള്ളത്. യാത്രക്കാരില്‍ രണ്ട് പേർ കുട്ടികളായിരുന്നു. വിമാനത്താവളത്തിന് സമീപത്ത് തന്നെയുള്ള മേഘനിനഗർ പ്രദേശത്തിനടുത്തുള്ള എയർ കസ്റ്റംസ് കാർഗോ ഓഫീസിന് സമീപമാണ് വിമാനം വീണത്.
രക്ഷാപ്രവർത്തനം
അപകട വിവരം ലഭിച്ചയുടൻ ഏഴ് ഫയർ എഞ്ചിനുകൾ, 24-ലധികം ആംബുലൻസുകൾ, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ (NDRF) ആറ് ടീമുകൾ (90 അംഗങ്ങൾ) എന്നിവ സംഭവസ്ഥലത്തെത്തി. അഹമ്മദാബാദ് പോലീസ് കമ്മീഷണർ ജിഎസ് മാലിക് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
സർക്കാർ ഇടപെടല്‍
പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയെ വിളിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയെയും അഹമ്മദാബാദ് പോലീസ് കമ്മീഷണറെയും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം താൽക്കാലികമായി അടച്ചു.
അന്വേഷണം
വിമാനത്തില്‍ നിന്നും അപകടം സന്ദേശം ലഭിച്ചതിന് തൊട്ടുപിന്നാലെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയും താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചിട്ടുണ്ട്. 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്ലൈറ്റ് റഡാര്‍ വിവരങ്ങളും വ്യക്തമാക്കുന്നു. ബോയിംഗിൽ നിന്നുള്ള സംഘത്തോടൊപ്പം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഔപചാരിക അന്വേഷണം ആരംഭിക്കും.
അന്താരാഷ്ട്ര റൂട്ടിലേക്കുള്ള യാത്രയ്ക്കായി വിമാനത്തിൽ വലിയ തോതില്‍ ഇന്ധനം നിറച്ചിരിക്കാമെന്നത്, അപകടത്തിനു ശേഷമുള്ള തീപിടുത്തം രൂക്ഷമാക്കിയിരിക്കാമെന്നും ഇത് രക്ഷാപ്രവർത്തന പ്രവർത്തനങ്ങളെ സങ്കീർണമാക്കിയിരിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications