അഹമ്മദാബാദ് സ്‌ഫോടന പരമ്പര; 49 പേര്‍ കുറ്റക്കാര്‍, 28 പേരെ വെറുതെ വിട്ടു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ കോടതി വിധി പ്രഖ്യാപിച്ചു. 49 പേര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. 28 പേരെ വെറുതെ വിട്ടു. 2008 ജൂലൈ 26നുണ്ടായ സ്‌ഫോടന പരമ്പരയില്‍ 56 പേരാണ് കൊല്ലപ്പെട്ടിരുന്നത്. 14 വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ സ്‌പെ്തംബറില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പ്രഖ്യാപിക്കാനായി കേസ് മാറ്റിവയ്ക്കുകയായിരുന്നു.

കേസില്‍ രണ്ടു പേര്‍ മാത്രമാണ് ജാമ്യത്തിലുള്ളത്. ഒരാള്‍ക്ക് അസുഖം കാരണമാണ് ജാമ്യം നല്‍കിയത്. മറ്റൊരാള്‍ മാപ്പ് സാക്ഷിയായിരുന്നു. ഇവര്‍ക്കാണ് ജാമ്യം നല്‍കിയിരുന്നത്. മറ്റു പ്രതികളെ വിവിധ ഘട്ടങ്ങളില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. അടുത്ത കാലത്തായി ഏറ്റവും നീണ്ട വിചാരണ നടക്കുന്ന ക്രമിനില്‍ കേസാണ് അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസ്.
പ്രതികളുടെ ശിക്ഷാ കാലാവധി പ്രഖ്യാപിച്ചിട്ടില്ല. നാളെ ഇക്കാര്യം കോടതി തീരുമാനിക്കുമെന്നാണ് വിവരം. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് 16 പേരെ വെറുതെ വിട്ടത്. തെളിവില്ലെന്ന് കണ്ട് 12 പേരെയും വെറുതെവിട്ടു. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ 70 മിനുട്ട് വ്യത്യാസത്തില്‍ 21 ബോംബുകളാണ് 2008ല്‍ പൊട്ടിത്തെറിച്ചത്. നഗരം വിറങ്ങലിച്ച സംഭവത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുള്ളവരാണ് സ്‌ഫോടനം നടത്തിയത് എന്നാണ് പോലീസ് അവകാശപ്പെട്ടത്. 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപത്തിനുള്ള പ്രതികാരമായിട്ടാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു. അഹമ്മദാബാദില്‍ സ്‌ഫോടനം നടന്ന ഉടനെ ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പോലീസ് വ്യാപകമായി റെയ്്ഡ് നടത്തിയി. സൂറത്തില്‍ നിന്ന് നിരവധി ബോംബുകള്‍ കണ്ടെത്തിയത് വീണ്ടും ഭീതി പരത്തി. അഹമ്മദാബാദ് സംഭവത്തില്‍ 20 കേസുകളും സൂറത്തില്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 15 കേസുകളുമാണ് അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നത്.
അഹമ്മദാബാദിലെയും സൂറത്തിലേയും കേസുകള്‍ പിന്നീട് പോലീസ് ലയിപ്പിച്ചു. തുടര്‍ന്ന് 2009ലാണ് അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുടെ വിചാരണ തുടങ്ങിയത്. 79 പ്രതികളാണ് അറസ്റ്റിലായിരുന്നത്. ഒരാള്‍ മാപ്പ് സാക്ഷിയായി. മറ്റൊരാള്‍ക്ക് മാറാരോഗം പിടിക്കുകയും ചെയ്തു. പിന്നീട് 77 പേരെയാണ് വിചാരണ ചെയ്തത്. 49 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുകയാണ്. വിചാരണ കാലത്തും മറ്റു ചിലരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വിചാരണ ആരംഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. യുഎപിഎ പ്രകാരമാണ് പ്രതികളെ വിചാരണ ചെയ്തത്. വിചാരണ കാലത്ത് ചില പ്രതികള്‍ ജയില്‍ ചാടാന്‍ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്നുണ്ട്.












Click it and Unblock the Notifications