സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: ആരോപണ വിധേയനായ യാത്രക്കാരന് 30 ദിവസം യാത്രാവിലക്ക്
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ വെച്ച് മദ്യലഹരിയിലായ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ആരോപണ വിധേയനായ യാത്രക്കാരന് യാത്രാവിലക്ക് ഏർപ്പെടുത്തി എയർ ഇന്ത്യ. ഒരു മാസത്തേക്കാണ് വിലക്ക്. കൂടുതൽ നടപടികൾക്കായി ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിജിസിഎയ്ക്ക് കൈമാറിയിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തം ആക്കിയിട്ടുണ്ട്.
സംഭവത്തിൽ ക്യാബിൻ ക്രൂവിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ആരോപണ വിധേയനായ യാത്രക്കാരനെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.

"ആദ്യ ഘട്ടമെന്ന നിലയിൽ, എയർ ഇന്ത്യ യാത്രക്കാരനെ 30 ദിവസത്തേക്ക് വിലക്കി, തുടർനടപടികൾക്കായി ഇക്കാര്യം ഡിജിസിഎയെ അറിയിക്കുകയും ചെയ്തു," പ്രസ്താവനയിൽ പറഞ്ഞു, "പോലീസ് ഇതിനകം പരാതി നൽകിയിട്ടുണ്ട്, എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, പ്രസ്താവനയിൽ പറയുന്നു...
യാത്രക്കാരിയുടെ പരാതി പുറത്തറിഞ്ഞതോടെ സംഭവത്തിൽ ഡിജിസിഎ എയർ ഇന്ത്യയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നവംബർ 26-ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ടേക്ക് ഓഫിന് ശേഷം ലൈറ്റുകൾ ഓഫ് ചെയ്തതിന് പിന്നാലെ ബിസിനസ് ക്ലാസിൽ മദ്യലഹരിയിലായിരുന്ന സഹയാത്രികൻ അടുത്തെത്തുകയും പാന്റ്‌സിന്റെ സിബ്ബ് അഴിച്ച് ലൈംഗികാവയവം പ്രദർശിപ്പിച്ച ശേഷം ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തെന്നാണ് പരാതി.
ജീവനക്കാരോട് ഇക്കാര്യത്തിൽ പരാതി പറഞ്ഞിട്ടും അവർ നടപടിയൊന്നും എടുത്തില്ലെന്നും യാത്രക്കാരി ആരോപിച്ചിരുന്നു. പിന്നീട് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
യാത്രക്കാരന്റെ പെരുമാറ്റം വലിയ മാനസികാഘാതം ഉണ്ടാക്കിയെന്ന് സഹയാത്രികയുടെ പരാതിയിൽ പറയുന്നു. വിമാന ജീവനക്കാരോട് ഇയാളുടെ പ്രവൃത്തിയിൽ പരാതിപ്പെട്ടെങ്കിലും മുഖവിലക്കെടുത്തില്ല എന്നും യാത്രക്കാരി ആരോപിക്കുന്നു. പിന്നീട് മറ്റ് യാത്രക്കാർ എത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത് എന്നാണ് വിവരം.












Click it and Unblock the Notifications