വിമാനത്താവളങ്ങളുടെ അടച്ചിടല്‍ മേയ് 15 വരെ നീട്ടി; ഈ 32 വിമാനത്താവളങ്ങള്‍ അടച്ചിടും
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെ വിമാനത്താവളങ്ങളുടെ അടച്ചിടല്‍ മേയ് 15 വരെ നീട്ടി ഡിജിസിഎ. 32 വിമാനത്താവളങ്ങള്‍ മെയ് 15 ന് പുലര്‍ച്ചെ 5.29 വരെ താല്‍ക്കാലികമായി അടച്ചിടുമെന്ന് ഡിജിസിഎ ശനിയാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ബന്ധപ്പെട്ട ഏവിയേഷന്‍ അധികൃതരും എയര്‍മാന്‍മാര്‍ക്ക് (നോട്ടം) നോട്ടീസുകള്‍ പുറപ്പെടുവിച്ചു.
അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ബതിന്ദ, ഭുജ്, ബിക്കാനീര്‍, ചണ്ഡീഗഢ്, ഹല്‍വാര, ഹിന്‍ഡന്‍, ജയ്‌സാല്‍മീര്‍, ജമ്മു, ജാംനഗര്‍, ജോധ്പൂര്‍, കാണ്ട്‌ല, കാന്‍ഗ്ര (ഗഗ്ഗല്‍), കേശോദ്, കിഷന്‍ഗഡ്, കുളു മണാലി, ഭുന്തര്‍, എം, ലുന്ദ്റാന്‍, ലെഹ് പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട് (ഹിരാസര്‍), സര്‍സവ, ഷിംല, ശ്രീനഗര്‍, തോയ്സ്, ഉത്തര്ലായി എന്നീ വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്.

ഈ വിമാനത്താവളങ്ങളിലെ എല്ലാ സിവില്‍ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ നിര്‍ത്തിവച്ചിരിക്കും എന്ന് ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു. പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ ഡല്‍ഹി, മുംബൈ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണുകള്‍ക്കുള്ളിലെ എയര്‍ ട്രാഫിക് സര്‍വീസ് (എടിഎസ്) റൂട്ടുകളുടെ 25 സെഗ്മെന്റുകളുടെ താല്‍ക്കാലിക അടച്ചുപൂട്ടലും എഎഐ നീട്ടിയിട്ടുണ്ട്.
നിലവിലെ എയര്‍ ട്രാഫിക് നിര്‍ദേശങ്ങള്‍ അനുസരിച്ച് ബദല്‍ റൂട്ടിംഗുകള്‍ ആസൂത്രണം ചെയ്യാന്‍ എയര്‍ലൈനുകളെയും ഫ്‌ലൈറ്റ് ഓപ്പറേറ്റര്‍മാരെയും ഡിജിസിഎ ഉപദേശിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും പ്രസക്തമായ എടിസി യൂണിറ്റുകളുമായി ഏകോപിപ്പിച്ചാണ് താല്‍ക്കാലിക അടച്ചുപൂട്ടല്‍ കൈകാര്യം ചെയ്യുന്നത്. പാകിസ്ഥാന്‍ അതിര്‍ത്തികള്‍ക്ക് സമീപമോ പ്രധാന പ്രതിരോധ താവളങ്ങള്‍ക്ക് സമീപമോ സ്ഥിതി ചെയ്യുന്ന 24 വിമാനത്താവളങ്ങള്‍ നേരത്തെ തന്നെ അടച്ചിട്ടിരുന്നു.
അതേസമയം യാത്രക്കാരുടെ 100% പ്രീ-ബോര്‍ഡിംഗ് സെക്കന്‍ഡറി പരിശോധനകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയതിനെത്തുടര്‍ന്ന്, വിമാനക്കമ്പനികള്‍ യാത്രക്കാരോട് നേരത്തെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പാകിസ്ഥാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗമായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഇത് സംബന്ധിച്ച നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സന്ദര്‍ശകരെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നത് തടയുകയും സന്ദര്‍ശക ടിക്കറ്റുകളുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്യുന്ന ഉത്തരവ് മേയ് 18 വരെ പ്രാബല്യത്തിലുണ്ടാകും. പതിവ് സുരക്ഷാ പരിശോധനകള്‍ക്ക് പുറമേ, എല്ലാ വിമാനങ്ങളുടെയും ബോര്‍ഡിംഗ് ഗേറ്റുകളില്‍ യാത്രക്കാരുടെയും ബാഗേജുകളുടെയും അധിക പരിശോധനകള്‍ നടത്തും.
അതിനാല്‍ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളങ്ങളില്‍ എത്തണം എന്ന് വിമാനക്കമ്പനികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള പ്രതികാര നടപടികളുടെ ഭാഗമായി ഏപ്രില്‍ 30-ന് ഇന്ത്യ പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചിരുന്നു. പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വ്യോമാതിര്‍ത്തി അടച്ചിട്ടുണ്ട്.
അതിനിടെ വിമാനത്താവളങ്ങള്‍ തുടര്‍ച്ചയായി അടച്ചിട്ടതിനാല്‍, ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ചണ്ഡീഗഡ്, ഭുജ്, ജാംനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാനങ്ങള്‍ മെയ് 15-ന് പുലര്‍ച്ചെ 5.29 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. മെയ് 15 വരെ 10 ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇതേ സമയം റദ്ദാക്കുമെന്ന് ഇന്‍ഡിഗോയും അറിയിച്ചിട്ടുണ്ട്.
പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പ്രതികാരമായി ബുധനാഴ്ച പുലര്‍ച്ചെ ഓപ്പറേഷന്‍ സിന്ദൂരിന്റെ കീഴില്‍ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സായുധ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.












Click it and Unblock the Notifications