ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ജര്‍മ്മനിയിലെ വിമാനത്താവളങ്ങളില്‍ വിസ രഹിത ട്രാന്‍സിറ്റ് സൗകര്യം
ഗാന്ധിനഗര്‍: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി ജര്‍മ്മനി. ഇനി മുതല്‍ ജര്‍മ്മന്‍ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക ട്രാന്‍സിറ്റ് വിസ എടുക്കേണ്ടതില്ല. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിസ രഹിത ട്രാന്‍സിറ്റ് സൗകര്യം പ്രഖ്യാപിച്ചത്.
ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക് തുടങ്ങിയ പ്രധാനപ്പെട്ട ജര്‍മന്‍ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ പ്രഖ്യാപനം വലിയ സഹായമാകും. വിസ നടപടികള്‍ കുറയുന്നതോടെ യാത്ര എളുപ്പമാകും. യാത്രാച്ചെലവും സമയവും ലാഭിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം. കണക്റ്റിംഗ് ഫ്‌ളൈറ്റുകള്‍ക്കായി വിമാനത്താവളത്തിനുള്ളിലെ അന്താരാഷ്ട്ര ട്രാന്‍സിറ്റ് ഏരിയയില്‍ കാത്തിരിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അതേസമയം, ട്രാന്‍സിറ്റ് ഏരിയയ്ക്ക് പുറത്തുകടക്കാനോ വിമാനത്താവളം വിടാനോ ജര്‍മ്മനിയില്‍ പ്രവേശിക്കാനോ ഈ സൗകര്യം ഉപയോഗിച്ച് സാധിക്കില്ല. ജര്‍മ്മനി സന്ദര്‍ശിക്കണമെങ്കില്‍ സാധാരണയുള്ള വിസ നടപടികള്‍ തുടരേണ്ടതുണ്ട്. ബിസിനസ് കാര്യങ്ങള്‍ക്കും ടൂറിസ്റ്റുകളായും ജര്‍മനി സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ സൗകര്യം ബാധകമല്ല.
ജര്‍മ്മന്‍ ചാന്‍സലറുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ 19 ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ജര്‍മ്മന്‍ സര്‍വ്വകലാശാലകളെ ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഊര്‍ജ്ജ മേഖലയില്‍ 1.24 ബില്യണ്‍ യൂറോയുടെ സഹായവും ജര്‍മ്മനി പ്രഖ്യാപിച്ചു.
ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷിക വേളയിലാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഗമമാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.












Click it and Unblock the Notifications