യുപിയില്‍ ബിജെപി തകർന്നടിയും: ആ മേഖലയിലെ 27 സീറ്റും ഇന്ത്യാ സഖ്യത്തിനെന്നും അഖിലേഷ് യാദവ്
കാണ്‍പൂർ: ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ ഒന്നില്‍ പോലും ബി ജെ പിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ്. പൂർവാഞ്ചൽ മേഖലയിലെ 27 സീറ്റുകളില്‍ പിന്നാക്കക്കാർ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ എന്നിവർ ഇന്ത്യാ സഖ്യത്തെ ബ്ലോക്കിനെ പിന്തുണയ്ക്കുന്ന രീതി നോക്കുമ്പോള്‍ മുന്നണി മികച്ച പ്രകടനം കാഴ്ചവെക്കും എന്നതില്‍ സംയമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മച്ച്‌ലിഷഹറിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി.
'പൂർവാഞ്ചൽ മേഖലയിൽ നിന്ന് ബിജെപിയെ പൂർണമായി തുടച്ചുനീക്കാൻ ഞങ്ങൾ പോകുകയാണ്. പിഡിഎ (പിന്നാക്കക്കാർ, ദലിതർ, ന്യൂനപക്ഷങ്ങൾ) ഞങ്ങളെ പിന്തുണയ്ക്കുന്ന രീതി നോക്കുമ്പോള്‍ ശേഷിക്കുന്ന രണ്ട് ഘട്ടങ്ങളിലെ 27 സീറ്റുകളിലും ഇന്ത്യ സഖ്യം വിജയിക്കുമെന്നാണ് മനസ്സിലാക്കുന്നത്. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ ഈ പ്രദേശം എല്ലായ്‌പ്പോഴും പ്രവർത്തിച്ചിട്ടുണ്ട്, " അഖിലേഷ് യാദവ് പറഞ്ഞു.

2019 ലെ തിരഞ്ഞെടുപ്പിൽ, ബഹുജൻ സമാജ് പാർട്ടി-എസ്പി സഖ്യം ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും പൂർവാഞ്ചല്‍ മേഖലയിലെ ഭൂരിപക്ഷം സീറ്റുകളും നേടാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു. അഖിലേഷ് പ്രചരണത്തിന് എത്തിയ മച്‌ലിഷഹറിൽ ബി ജെ പി സ്ഥാനാർഥി ബി പി സരോജ് കഴിഞ്ഞ വർഷം കേവലം 100 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്.
ഇന്ത്യയിലെ വോട്ടർമാർക്ക് മൻ കി ബാത്ത് കേൾക്കാൻ താൽപ്പര്യമില്ലെന്നും എന്നാൽ ഭരണഘടന പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്നും അഖിലേഷ് യാദവ് അവകാശപ്പെട്ടു. "ഇപ്പോൾ ആരും മൻ കി ബാത്ത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല, എല്ലാവരും ഭരണഘടന കേൾക്കാൻ ആഗ്രഹിക്കുന്നു, ഭരണഘടനയുടെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പ് നമ്മുടെ വരും തലമുറയുടെ ഭാവിയെ കുറിച്ച് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പാണ്. അവരുടെ (ബിജെപി) സർക്കാരിന് കീഴിൽ നമ്മുടെ ജീവൻ അപകടത്തിലാണ്," യാദവ് ആരോപിച്ചു.
'അവർ നമുക്ക് നിർബന്ധിതമായി വാക്സിനേഷൻ നൽകുകയും പിന്നീട് വാക്സിൻ നൽകിയവരിൽ നിന്ന് സംഭാവനകൾ ശേഖരിക്കുകയും ചെയ്തു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും അവരെ അഭിവൃദ്ധി ആക്കുമെന്നും അവർ വാഗ്ദാനം ചെയ്തു. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി വരുമാനം വർധിച്ചില്ല, പകരം പണപ്പെരുപ്പമാണ് ഉണ്ടായത്. അവരുടെ നയങ്ങൾ കൃഷിച്ചെലവ് വർധിപ്പിച്ചു.' അഖിലേഷ് യാദവ് പറഞ്ഞു.
ബിജെപിയുടെ 400 ലേറെ സീറ്റ് എന്ന മുദ്രാവാക്യം ഭരണഘടനയെ മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ഡോ. ഭീംറാവു അംബേദ്കർ നൽകിയ ഭരണഘടന മാറ്റാൻ ആഗ്രഹിക്കുന്നതിനാലാണ് ബിജെപി നേതാക്കൾ ഈ മുദ്രാവാക്യം ഉയർത്തുന്നതെന്നാണ് തോന്നുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.












Click it and Unblock the Notifications