അഖിലേഷിന് സത്യമറിയാം, കുടുക്കാന്‍ നോക്കുന്നത് മഹാദേവ് അക്കാദമിയെന്ന് ബ്രിജ് ഭൂഷണ്‍
ദില്ലി: തന്നെ ഇല്ലാതാക്കാന്‍ നോക്കുന്നത് ഒരു കുടുംബവും, ഒരു അഖാഡയും ചേര്‍ന്നാണെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഗുസ്തി താരങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം രൂക്ഷമാക്കിയിരിക്കുകയാണ് അദ്ദേഹം. റെസ്ലിംഗ് ഫെഡറേഷനെ 90 ശതമാനം വരുന്ന അത്‌ലറ്റുകളും അവരുടെ രക്ഷിതാക്കളും വിശ്വസിക്കുന്നുണ്ട്.
തനിക്കെതിരെ ആരോപണമുന്നയിച്ച ഗുസ്തി താരങ്ങളെല്ലാം ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. അവരെല്ലാം ഒരേ അഖാഡയിലുള്ളവരാണെന്നും ബ്രിജ് ഭൂഷണ്‍ തുറന്നടിച്ചു. മഹാദേവ് റെസ്ലിംഗ് അക്കാദമിയില്‍ നിന്നുള്ളവരാണ് അവര്‍. അത് ലോകത്തിന് മുഴുവന്‍ അറിയാം. ആ അക്കാദമിയില്‍ നിന്നുള്ളവരാണ് ഈ സ്ത്രീകളെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.

മഹാദേവ് റെസ്ലിംഗ് അക്കാദമിയുടെ പിന്നില്‍ കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിംഗ് ഹൂഡയാണ്. ആ അക്കാദമിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് ഹൂഡയാണ്. ഇപ്പോള്‍ ഈ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ റെയില്‍വേ ഉദ്യോഗസ്ഥരാണ്.
പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നത് സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് അനുവദനീയമല്ലെന്നും ബ്രിജ് ഭൂഷണ്‍ പറയുന്നു. ജന്ദര്‍ മന്തറില്‍ ഇരുന്നത് കൊണ്ട് നിങ്ങള്‍ക്ക് നീതി ലഭിക്കില്ല. അത് വേണമെങ്കില്‍ പോലീസിലോ കോടതിയിലോ പോകണം. അവര്‍ ഒരിക്കലും അത് ചെയ്തിട്ടില്ല. എന്നെ അപമാനിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
അഖിലേഷ് യാദവ് ഒരിക്കലും സമരത്തിന് വരില്ല. അദ്ദേഹത്തിന് സത്യം എന്താണെന്ന് അറിയാം. കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. യുപിയിലെ 80 ശതമാനം ഗുസ്തി താരങ്ങളും എസ്പിയുടെ പ്രത്യയശാസ്ത്രമുള്ള കുടുംബത്തില്‍ നിന്നുള്ളവരാണ്. അവരെന്നെ നേതാജി എന്നാണ് വിളിക്കാറുള്ളത്. അവര്‍ക്കറിയാം അവരുടെ നേതാവ് ഏത് തരത്തിലുള്ളയാളാണെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.
നേരത്തെ പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ പോലുള്ള പ്രമുഖ നേതാക്കളെല്ലാം പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു. ആരോപണം ഉന്നയിച്ചവരെല്ലാം ഒരു കുടുംബത്തില്‍ നിന്നുള്ളയാളാണെന്ന് എങ്ങനെ ബ്രിജ് ഭൂഷണ് അറിയാമെന്ന് നേരത്തെ ബജ്രംഗ് പൂനിയ ചോദിച്ചിരുന്നു.
അതേസമയം സര്‍ക്കാര്‍ അന്വേഷണത്തെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ ചോദ്യം ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവരങ്ങള്‍ അടക്കം ചോര്‍ന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു. താന്‍ നിരപരാധിയാണെന്നാണ് ബ്രിജ് ഭൂഷണ്‍ പറയുന്നത്. ഗുസ്തി താരങ്ങളുടെ ആവശ്യം നിത്യേന മാറുകയാണ്. അവര്‍ എന്റെ രാജിയാണ് ആവശ്യപ്പെട്ടത്.
രാജി വെക്കാന്‍ പറ്റില്ല. അങ്ങനെ രാജിവെച്ചാല്‍ അവരുടെ ആരോപണം ശരിവെക്കുന്നത് പോലെയാവും. രാജി വെക്കുന്നത് വലിയ കാര്യമല്ല. പക്ഷേ ഒരു ക്രിമിനല്‍ എന്ന നിലയില്‍ രാജിവെക്കാനാവില്ല. ഞാന്‍ കുറ്റവാളിയല്ലെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞിരുന്നു. ദില്ലി പോലീസിനെ വിശ്വാസമില്ലെന്നാണ് ഗുസ്തി താരങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications