അച്ഛനെ വെല്ലുവിളിച്ച് മകന്‍,അഖിലേഷും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു;സമാജ്‌വാദി പാര്‍ട്ടി പിളരുന്നു?
മുലായത്തെ വെല്ലുവിളിച്ച് അഖിലേഷ് പുതിയ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ സമാജ് വാദി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.
ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയില്‍ മുലായം സിംഗ് യാദവും മകന്‍ അഖിലേഷ് യാദവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മുലായം സിംഗ് യാദവ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കാതെ അഖിലേഷ് യാദവ് പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമാജ് വാദി പാര്‍ട്ടിയുടെ 235 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് അഖിലേഷ് പുറത്തിറക്കിയത്.
മുലായത്തെ വെല്ലുവിളിച്ച് അഖിലേഷ് പുതിയ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ സമാജ് വാദി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയായ അഖിലേഷ് യാദവിന്റെ വിശ്വസ്തരെ ഒഴിവാക്കിയാണ് മുലായം സിംഗ് യാദവും ശിവ്പാല്‍ സിംഗ് യാദവും 325 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ഇതില്‍ നീരസം പ്രകടിപ്പിച്ച അഖിലേഷ് താന്‍ നിര്‍ദേശിക്കുന്നവര്‍ക്കും സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുലായം ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ 235 സ്ഥാനാര്‍ത്ഥികളുടെ പട്ടികയെന്ന പേരിലുള്ള കുറിപ്പ് അഖിലേഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ആകെ 403 അസംബ്ലി നിയോജക മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്.

അഖിലേഷിന്റെ വിശ്വസ്തരെ വെട്ടി...
ആകെയുള്ള 403 സീറ്റുകളില്‍ 325 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് മുലായം സിംഗ് ആദ്യം പ്രഖ്യാപിച്ചത്. അഖിലേഷിന്റെ വിശ്വസ്തരായ പല സിറ്റിംഗ് എംഎല്‍എമാരെയും നേതാക്കളെയും ഉള്‍പ്പെടുത്താതെയായിരുന്നു മുലായത്തിന്റെ പട്ടിക. അഖിലേഷ് പറഞ്ഞതുപോലെ കോണ്‍ഗ്രസുമായി സമാജ് വാദി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തയും മുലായം നിഷേധിച്ചിരുന്നു.

മുലായവും ശിവ്പാലും വഴങ്ങിയില്ല...
സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ നിന്ന് തന്റെ വിശ്വസ്തരെ വെട്ടിയതില്‍ അഖിലേഷ് മുലായത്തെയും ശിവ്പാലിനെയും അതൃപ്തി അറിയിച്ചിരുന്നു. താന്‍ നിര്‍ദേശിക്കുന്നവര്‍ക്കും സീറ്റ് നല്‍കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടെങ്കിലും മുലായവും ശിവ്പാലും വഴങ്ങിയില്ല.

171 സീറ്റുകളില്‍ സിറ്റിംഗ് എംഎല്‍എമാര്‍
തന്റെ ആവശ്യങ്ങള്‍ തള്ളിയതോടെ അഖിലേഷ് തന്റെ വിശ്വസ്തരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഇതിന് ശേഷമാണ് 235 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയത്. ഇതില്‍ 171 പേര്‍ സിറ്റിംഗ് എംഎല്‍എമാരാണ്. ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അഖിലേഷ് അറിയിച്ചു.

അഖിലേഷിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി...
ഇതേസമയം 325 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശിവ്പാല്‍ സിംഗ് യാദവ് ബാക്കിയുള്ള 68 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അഖിലേഷ് യാദവിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും, അഖിലേഷിനെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുമെന്നും മന്ത്രി തേജ് നരേയ്ന്‍ പാണ്ഡെ പറഞ്ഞു. സമാജ് വാദി പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലെന്ന് നേരത്തെ മുലായം സിംഗ് പറഞ്ഞിരുന്നു.












Click it and Unblock the Notifications