ബിജെപിയും കോണ്‍ഗ്രസും ഒന്നാണെന്ന് അഖിലേഷ് യാദവ്, 'ഭാരത് ജോഡോ യാത്രയിൽ പങ്കുചേരില്ല'
ലഖ്‌നൗ: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചതിനോട് പ്രതികരിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം ചേരില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര വഴി പ്രതിപക്ഷ ഐക്യം കൂടി ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് അഖിലേഷിന്റെ നിലപാട് വലിയ തിരിച്ചടിയാണ്.
തങ്ങളുടെ പാര്‍ട്ടിയുടേത് വ്യത്യസ്തമായ പ്രത്യയശാസ്ത്രമാണ്. ബിജെപിയും കോണ്‍ഗ്രസും ഒന്നാണ് എന്നും സമാജ്വാദി പാര്‍ട്ടി നേതാവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന്, നിങ്ങളുടെ ഫോണില്‍ ക്ഷണക്കത്ത് ഉണ്ടെങ്കില്‍ എനിക്ക് കൂടി അയക്കൂ, എന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്. തനിക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നും തങ്ങളുടെ വികാരം യാത്രയ്ക്ക് ഒപ്പമുണ്ടെന്നും അഖിലേഷ് വ്യക്തമാക്കി.

അതേസമയം അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടിയേയും മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയേയും ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിച്ചിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മായാവതിയോ അഖിലേഷോ യാത്രയില്‍ പങ്കെടുക്കില്ല. മാത്രമല്ല സമാജ്വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദളും രാഹുല്‍ ഗാന്ധിയുടെ യാത്രയ്‌ക്കൊപ്പം കൈ കോര്‍ക്കില്ല. ജയന്ത് ചൗധരിയാണ് ആര്‍എല്‍ഡിയെ നയിക്കുന്നത്.
സമാജ്വാദി പാര്‍ട്ടി ഭാരത് ജോഡോ യാത്ര മുന്നോട്ട് വെയ്ക്കുന്ന ആശയത്തെ അനുകൂലിക്കുന്നുണ്ടെന്ന് പാര്‍ട്ടി വക്താവ് ഘനശ്യാം തിവാരി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസും എസ്പിയും സഖ്യമാകുമോ എന്ന തരത്തിലുളള ഊഹാപോഹങ്ങള്‍ക്ക് തുടക്കം കുറിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസും എസ്പിയും പലതവണ കൈ കൊടുത്തിട്ടും വേര്‍പിരിഞ്ഞിട്ടുമുളളതാണ്. ഏറ്റവും ഒടുവിലായി 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും സഖ്യമായി മത്സരിച്ചത്. 2008ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വീഴുന്നതില്‍ നിന്നും സംരക്ഷിച്ചുവെന്ന ബന്ധവും എസ്പിയുമായി കോണ്‍ഗ്രസിനുണ്ട്.
2024ലെ തിരഞ്ഞെടുപ്പിന് മുന്‍പായി വിശാല പ്രതിപക്ഷ ഐക്യം ബിജെപിക്കെതിരെ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ദില്ലിയില്‍ വെച്ച് യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. യാത്ര കോണ്‍ഗ്രസിന്റേതാണ് എന്നും അതില്‍ പങ്കെടുക്കുമോ എന്ന ചോദ്യമേ ഉദിക്കുന്നില്ല എന്നുമാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി യാത്രയില്‍ പങ്കെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞതിനെ കുറിച്ചായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.












Click it and Unblock the Notifications