#metoo: വിന്‍ഡ നന്ദക്കെതിരെ അപകീര്‍ത്തിക്കേസ്, മാപ്പെഴുതി നല്‍കണമെന്ന് ആവശ്യം!!
ദില്ലി: മീടൂ ക്യാമ്പെയിന് പിന്നാലെ ആരോപണവിധേയര്‍ ഇരകള്‍ക്കെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നു. ഏറ്റവും ഒടുവില്‍ നടന്‍ അലോക് നാഥാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ച എഴുത്തുകാരിയും നിര്‍മാതാവുമായ വിന്‍ഡ നന്ദക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിട്ടുള്ളത്. തനിക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ മാപ്പെഴുതി നല്‍കാനും ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനുമാണ് അലോക് നാഥ് ആവശ്യപ്പെട്ടിട്ടുള്ളത്. എഎന്‍ഐയെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിവി പരിപാടികളും സിനിമകളിലും കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് അലോക്.
ഫേസ്ബുക്ക് പോസ്റ്റിലാണ് വിന്‍ഡ നന്ദ നടന്‍ അലോക് നാഥിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും സന്‍സ്കാരി നടന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വിന്‍ഡ ആരോപണം ഉന്നയിച്ചത്. വിന്‍ഡയുടെ ഷോ താരയിലും അലോക് മികച്ച റോളിലെത്തിയിരുന്നു. എന്നാല്‍ ആരോപണം നിരസിക്കാനോ ഇക്കാര്യം അംഗീകരിക്കാനോ ആദ്യം മുതല്‍ അലോക് തയ്യാറായിരുന്നില്ല.

ആരോപണം നിരസിച്ചു!!
മീടൂ ക്യാമ്പെയിനില്‍ തനിക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഇക്കാര്യം നിരസിച്ച് അലോക് നാഥ് രംഗത്തെത്തിയിരുന്നു. 19 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് വിന്‍ഡ അലോക് നാഥിനെതിരെ ആരോപണമുന്നയിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമേ മാധ്യമപ്രവര്‍ത്തക സന്ധ്യ മൃദുല്‍, ദീപിക അമീന്‍ എന്നിവരും അലോക് നാഥിനെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ആരോപണം ഉയര്‍ന്നതോടെ ദി സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സംഭവത്തില്‍ വിന്‍ഡ നന്ദയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

വിന്‍ഡ നന്ദയുടെ മറുപടി
തനിക്കെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയതോടെ അലോക് നാഥിന് മറുപടിയുമായി വിന്‍ഡ നന്ദ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് അലോക് തനിക്കെതിരെ നോട്ടീസ് അയച്ചതെന്നാണ് അഭിഭാഷകന്‍ മുഖേന വിന്‍ഡ അറിയിച്ചത്. ഈ സംഭവത്തെ നിയമപരമായി തന്നെ നേരിടുമെന്നും എന്തുതന്നെ ഉണ്ടായാലും നിയമനടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും വിന്‍ഡ നന്ദയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പീഡിപ്പിച്ചത് മറ്റാരോ!!!
തനിക്കെതിരെ വിന്‍ഡ ഉന്നയിച്ച ലൈംഗിക ആരോപണം അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാതിരുന്ന അലോക് മറ്റൊരു തരത്തിലാണ് പ്രതികരിച്ചത്. മറ്റാരെങ്കിലും വിന്‍ഡയെ പീഡിപ്പിച്ചിട്ടുണ്ടാകുമെന്നാണ് അലോക് നാഥ് പ്രതികരിച്ചത്. സിന്‍റയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളെയും അലോക് രൂക്ഷമായി വിമര്‍ശിച്ചു. തെറ്റ് തെളിയുന്നത് വരെ താന്‍ നിഷ്കളങ്കനാണെന്നാണ് അലോക് കാരണം കാണിക്കല്‍ നോട്ടീസിനോട് പ്രതികരിച്ചത്.

പ്രിയ രമണിക്കെതിരെ!!
തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ കേന്ദ്രവിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ അപകീര്‍ത്തിക്കേസ് നല്‍കിയിരുന്നു. മീ ടൂ ക്യാമ്പെയിനിടെ ഉയര്‍ന്നുവരുന്ന രണ്ടാമത്തെ അപകീര്‍ത്തിക്കേസാണിത്. തനിക്ക് നേരെ എംജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമമുണ്ടായെന്ന ആരോപണം ആദ്യം ഉന്നയിക്കുന്നത് പ്രിയ രമണിയാണ്. മാധ്യമപ്രവര്‍ത്തകനായിരിക്കെ നടന്ന സംഭവങ്ങളുടെ അടിലസ്ഥാനത്തിലാണ് പ്രിയയുടെ ആരോപണം.

തനുശ്രീയുടെ തുടക്കം
2008ല്‍ ഒരു സിനിമാ ചിത്രീകരണ വേളയില്‍ നാനാ പടേക്കര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലാണ് മീടൂ ക്യാമ്പെയിന് ശക്തി പകര്‍ന്നത്. അന്ന് തനിക്ക് 10 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും തനുശ്രീ വെളിപ്പെടുത്തിയിരുന്നു. നടിയുടെ ആരോപണം തള്ളിക്കളഞ്ഞ് നാനാ പടേക്കര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിര്‍മാതാക്കളായ സാജിത് ഖാന്‍, വികാസ് ബഹല്‍, സംഗീജ്ഞന്‍ കൈലാഷ് ഖേര്‍ എന്നിവരുടെ മുഖം മൂടിയും മീടൂ ക്യാമ്പെയിനിനിടെ അഴിഞ്ഞ് വീണിരുന്നു.












Click it and Unblock the Notifications