തലകുനിക്കാതെ അമരീന്ദർ: സിദ്ദുവുമായുള്ള കൂടിക്കാഴ്ച മാപ്പ് പറഞ്ഞ ശേഷം, പരസ്യപ്രസ്താവനയുമായി മന്ത്രിമാർ..
ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ സമാധാന ഉടമമ്പടി എന്ന പോലെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം. മുഖ്യമന്ത്രി അമരീന്ദർ സിംഗും നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള അസ്വാരസ്യങ്ങൾ മാസങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് തർക്കപരിഹാര സമിതിയുടെ വാക്കുകൾക്ക് ചെവികൊടുത്ത് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസിന്റെ അധ്യക്ഷനാക്കുന്നത്. എന്നാൽ ഇതിന് ശേഷവും പഞ്ചാബ് കോൺഗ്രസിൽ മുഖ്യമന്ത്രി അമരീന്ദർസിംഗും നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള അസ്വാര്യങ്ങൾ തുടരുന്നുണ്ട് എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ തന്റെ എതിരാളിയും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയമിക്കപ്പെട്ട നവ്ജ്യോത് സിംഗ് സിദ്ദുവുമായി വ്യക്തിപരമായ കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന നിലപാടിലാണ് അമരീന്ദർ സിംഗ്. തനിക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കും കടുത്ത പരാമർശങ്ങൾക്കും മാപ്പ് പറയുന്നത് വരെയും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കില്ലെന്ന് സിംഗിലിന്റെ സംഘാംഗങ്ങളിലൊരാളാണ് ട്വിറ്ററിൽ കുറിച്ചത്. പഞ്ചാബിൽ കോൺഗ്രസ് സർക്കാരിന് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുന്നതിന് തിരിച്ചടിയാവുമെന്ന് കരുതിയിരുന്ന പ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരമായെങ്കിലും പൂർണ്ണമായും മഞ്ഞുരുകിയിട്ടില്ല.

അമരീന്ദർ സിംഗുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നത് വരെ നവ്ജ്യോത് സിംഗ് സിദ്ദുവുമായി സംസാരിക്കില്ലെന്ന് പഞ്ചാബ് മന്ത്രി ബ്രാം മൊഹീന്ദ്ര പ്രതികരിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് സിദ്ദു അമൃത്സറിലേക്ക് എത്തുന്ന അതേ ദിവസമാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അമൃത്സറിലെത്തിയ സിദ്ദുവിന് കോൺഗ്രസ് പ്രവർത്തകരും സിദ്ദു അനുകൂലികളും ഗംഭീരമായ വരവേൽപ്പാണ് നൽകിയത്.

ഏറെ ചർച്ചകൾക്കൊടുവിൽ നവ്ജ്യോത് സിംഗ് സിദ്ദു കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ ആദ്യമായാണ് ഒരു മന്ത്രി ഇത്തരത്തിൽ പ്രതികരിക്കുന്നത്. ഇതോടെ അമരീന്ദറും സിദ്ദുവും തമ്മിലുള്ള പോരിന് അവസാനമായിട്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേ സമയം പാർട്ടി അധ്യക്ഷനായി സിദ്ദുവിനെ നിയമിച്ചുകൊണ്ടുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നതായും മൊഹിന്ദ്ര കൂട്ടിച്ചേർത്തു.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അമരീന്ദർ സിംഗ്- നവ്ജ്യോത് സിംഗ് സിദ്ദു കൂടിക്കാഴ്ചയ്ക്കായി സിദ്ദു സമയം ആവശ്യപ്പെട്ടെന്ന റിപ്പോട്ടുകൾ തെറ്റാണെന്നും സിംഗിന്റെ സോഷ്യൽ മീഡിയ തന്ത്രജ്ഞൻ ട്വീറ്റിൽ കുറിച്ചു. നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറയാതെ സിംഗ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് സിദ്ദുവും സിംഗും തമ്മിലുള്ള പോര് ആരംഭിക്കുന്നത്. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി താൻ അവരോധിക്കപ്പെടുമെന്ന് സിദ്ദു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇതുണ്ടായിരുന്നില്ല. 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്റ്റാൻ ക്യാമ്പെയിനർ കൂടിയായിരുന്നു ക്രിക്കറ്റ് താരം കൂടിയായിരുന്ന സിദ്ദു. സിംഗ് സർക്കാരിൽ മന്ത്രിയായി അവരോധിക്കപ്പെട്ടെങ്കിലും രണ്ട് വർഷത്തിന് ശേഷം തന്റെ മന്ത്രാലയം തരംതാഴ്ത്തിയത്തോടെ രാജിവെക്കുകയായിരുന്നു.
Recommended Video

പഞ്ചാബ് നിയമസഭയിൽ നിന്ന് രാജിവെച്ചതോടെ പാർട്ടി കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും മൌനം പാലിക്കുകയും ചെയ്ത സിദ്ദു കഴിഞ്ഞ കുറച്ച് മാസങ്ങളായി അമരീന്ദ് സിംഗിനെതിരെ തിരിയുകയായിരുന്നു. എന്നാൽ അടുത്ത വർഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ദു ഉന്നയിക്കുന്ന പ്രശ്നം പരിഹരിക്കപ്പെടാതിരുന്നാൽ തിരിച്ചടിയാവുമെന്ന് കോൺഗ്രസ് നേതൃത്വവും തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസിന്റെ അധ്യക്ഷനാക്കുന്നത്.












Click it and Unblock the Notifications