കോഴിപ്പോരിനിടെ ആളുകളെ ആക്രമിച്ച് കോഴികള്‍; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ആന്ധ്രാപ്രദേശില് കോഴിപ്പോരിനിടെ രണ്ട് മരണം. ഏലൂര്‍, കാക്കിനാഡ ജില്ലകളില്‍ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. കോഴിപ്പോരിനായി കോഴികളുടെ കാലില്‍ മുറുക്കിയ കത്തി കൊണ്ട് മുറിവേറ്റാണ് രണ്ട് മരണങ്ങളും സംഭവിച്ചിരിക്കുന്നത്.
ശ്രീപത്മ റാവു (20), ഗന്ധേ സുരേഷ് (43) എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. മകര സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോഴിപ്പോര് പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ നിര്‍ബാധം നടക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കോഴിപ്പോരില്‍ പങ്കെടുക്കുന്ന കോഴികളുടെ കാലില്‍ കത്തി വെച്ച് കെട്ടാറുണ്ട്. ഇതിനിടെ കോഴി ആക്രമിച്ചപ്പോള്‍ കത്തി കൊണ്ടാണ് ശ്രീപത്മ റാവുവിന് കഴുത്തില്‍ പരിക്കേറ്റത്. അമിതരക്തസ്രാവം മൂലം ശ്രീപത്മ റാവു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് നല്ലജര്‍ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ലക്ഷ്മ റെഡ്ഡി ദി ഹിന്ദുവിനോട് പറഞ്ഞത്.
നല്ലജര്‍ല പോലീസ് പരിധിയിലെ അനന്തപള്ളി ഗ്രാമത്തിലെ നിവാസിയാണ് ശ്രീപത്മ റാവു. കാക്കിനട ജില്ലയില്‍ കോഴിപ്പോര് കാണാനെത്തിയ ഗന്ധേ സുരേഷ് ആണ് കൊല്ലപ്പെട്ടത്. പോരിനിടെ പൂവന്‍കോഴിയുടെ ആക്രമണത്തില്‍ ഗന്ധേ സുരേഷിന് പരിക്കേറ്റിരുന്നു. ഇതും കോഴിയുടെ കാലിലെ കത്തി കൊണ്ടാണ് സംഭവിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുരേഷ് മരിക്കുന്നത്.
അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയച്ചു. കാക്കിനട, ഏലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. മകരസംക്രാന്തിയുടെ ഭാഗമാണ് ആന്ധ്രാപ്രദേശില്‍ കോഴിപ്പോര് സംഘടിപ്പിക്കുന്നത്.
കോടി പണ്ടലു എന്നാണ് കോഴിപ്പോരിനെ തെലുങ്കില്‍ പറയുന്ന്. ആന്ധ്രാ പ്രദേശിലെ കാക്കിനഡ, കൊണസീമ, കിഴക്കന്‍ ഗോദാവരി, പശ്ചിമ ഗോദാവരി, ഏലൂര്‍ ജില്ലകള്‍ കോഴിപ്പോരിന് പേര് കേട്ടതാണ്. പണം വെച്ചാണ് പലരും കോഴിപ്പോരിന് എത്തുന്നത്.












Click it and Unblock the Notifications