കേരളത്തില്‍ ഇത്തവണ ബിജെപി സീറ്റ് നേടും: ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും അമിത് ഷാ
ഡല്‍ഹി: ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി കേരളത്തിലും തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും പാർട്ടി കോൺഗ്രസിനേക്കാൾ കൂടുതല്‍ സീറ്റ് നേടുമെന്നും ന്യൂസ് 18 നെറ്റ്‌വർക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ദക്ഷിണേന്ത്യയിൽ, നാല് സംസ്ഥാനങ്ങളും ചേർന്നാൽ ഞങ്ങൾ കോൺഗ്രസിനെക്കാൾ മുന്നിലായിരിക്കും. ഞങ്ങൾ വളരെ മികച്ച രീതിയില്‍ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. തീർച്ചയായും കേരളത്തിലും തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കും. എന്നാൽ വളരെ ശക്തമായ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ സീറ്റുകളുടെ എണ്ണം കൃത്യമായി പറയുന്നത് ഒരു പ്രശ്നമാണ്, " ന്യൂസ് 18 നെറ്റ്‌വർക്ക് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയുടെ ചോദ്യത്തിന് മറുപടിയായി ഷാ പറഞ്ഞു.

തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും കുറിച്ച് ചോദിച്ചപ്പോൾ ആന്ധ്രയിൽ ബി ജെ പിക്ക് സഖ്യമുണ്ടെന്നും അതില്‍ മികച്ച പ്രതീക്ഷ ഉണ്ടെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി "നമ്മൾ വളരെ മികച്ച ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തും. അവിടെ നിന്നും ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന സീറ്റുകൾ ഞങ്ങൾക്ക് നേടാനാകും." അമിത് ഷാ അവകാശപ്പെട്ടു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ദക്ഷിണേന്ത്യയിൽ കൂടുത ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അമിത് ഷായുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ നേതൃത്വത്തില്‍ ശക്തമായ പ്രചരണവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി നടത്തി.
ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് സാന്നിധ്യമില്ലെന്ന വിലയിരുത്തുകളില്‍ നരേന്ദ്ര മോദി തന്നെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ബി ജെ പി എന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.
"ഞങ്ങളുടെ മൂന്ന് പാർട്ടി അധ്യക്ഷന്മാർ ദക്ഷിണേന്ത്യയിൽ നിന്ന് വന്നവരാണെന്നും നിങ്ങൾക്കറിയാം. 1984ൽ ഞങ്ങൾ രണ്ടു സീറ്റിൽ ഒതുങ്ങിയപ്പോൾ അതിലൊന്ന് ദക്ഷിണേന്ത്യയിൽ നിന്നുള്ളതായിരുന്നു. അങ്ങനെ ദക്ഷിണേന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് ബി ജെ പിക്കുള്ളത്. വർത്തമാനകാലത്തേക്ക് നോക്കുമ്പോൾ, ഞാൻ ദക്ഷിണേന്ത്യയിലുടനീളം മികച്ച് നില്‍ക്കുന്നു, എവിടെ പോയാലും ലഭിക്കുന്ന മികച്ച പ്രതികരണം അതിശയകരമാണ്. ദക്ഷിണേന്ത്യ ഇത്തവണ റെക്കോർഡ് നിരക്കിലുള്ള സീറ്റുകള്‍ നല്‍കി ബി ജെ പിയെ അനുഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്" എന്നും നരേന്ദ്ര മോദി പറഞ്ഞു.












Click it and Unblock the Notifications