പപ്പയോടുള്ള ബഹുമാനം ഇപ്പോഴുമുണ്ട്; ഇന്ന് നില്‍ക്കേണ്ടത് മോദിക്കൊപ്പമെന്ന് അനില്‍ ആന്റണി
ന്യൂദല്‍ഹി: ബി ജെ പിയില്‍ ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാവുക എന്നത് തന്റെ ഉത്തരവാദിത്തമാണ് എന്ന് അനില്‍ ആന്റണി. അതിനാലാണ് ബി ജെ പിക്ക് ഒപ്പം ചേരുന്നത് എന്നും അനില്‍ ആന്റണി പറഞ്ഞു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലില്‍ നിന്ന് ബി ജെ പി അംഗത്വം സ്വീകരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അനില്‍ ആന്റണി.
ധര്‍മോ രക്ഷതി രക്ഷതാ: എന്നതാണ് എന്റെ വിശ്വാസം എന്ന് പറഞ്ഞ് കൊണ്ടാണ് അനില്‍ ആന്റണി തന്റെ വാക്കുകള്‍ ആരംഭിച്ചത്. ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ഒരു കുടുംബത്തിന് വേണ്ടിയാണ് എന്നും എന്നാല്‍ ബി ജെ പി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രത്തിന് വേണ്ടിയാണ് എന്നും അനില്‍ ആന്റണി പറഞ്ഞു. ഇന്ത്യയെ ലോകത്ത് ഒന്നാമത് എത്തിക്കുന്നതിന് വേണ്ടി നരേന്ദ്ര മോദിക്ക് നല്ല ദീര്‍ഘവീക്ഷണമുണ്ട്.

അതിനാല്‍ നരേന്ദ്രമോദിയുടെ രാഷ്ട്ര നിര്‍മാണത്തില്‍ പങ്ക് ചേരേണ്ടത് എന്റെ ഉത്തരവാദിത്തമാണ് എന്ന് ഞാന്‍ കരുതുന്നു. ബി ജെ പിയുടെ സ്ഥാപക ദിനത്തില്‍ തന്നെ പാര്‍ട്ടി അംഗത്വം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു. അച്ഛനുമായി നല്ല ബന്ധമാണുള്ളത്. എന്റെ പിതാവിനോടുള്ള സ്‌നേഹവും ബഹുമാനവും എന്നും പഴയ പോലെ തന്നെ നിലനില്‍ക്കും എന്റെ രാഷ്ട്രീയവും കുടുംബവും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ആയാണ് അനില്‍ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. ബി ജെ പിയിലേക്ക് തന്നെ തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ട് എന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയെടുത്ത തീരുമാനമല്ല ഇത്. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാജ്യതാല്‍പര്യങ്ങളേക്കാളുപരി രണ്ട് മൂന്ന് വ്യക്തികളുടെ താല്‍പര്യത്തിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്.
അങ്ങനെ ഒരു സാഹചര്യത്തില്‍ എനിക്ക് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അങ്ങനെ ഒരു നിലപാട് എടുത്തത് ആ ഡോക്യുമെന്ററി രാജ്യവിരുദ്ധമാണ് എന്ന ബോധ്യമുള്ളത് കൊണ്ടാണ് എന്നും അനില്‍ ആന്റണി പറഞ്ഞു. സാധാരണ പ്രവര്‍ത്തകനായാണ് പാര്‍ട്ടിയിലേക്ക് എത്തുന്നത്. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നില്ല. സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ചെറുപ്പം മുതല്‍ അപ്പനും അമ്മയും പഠിപ്പിച്ചത്.
അതിനാല്‍ ഇന്നത്തെ കാലത്ത് ബി ജെ പിക്കൊപ്പം നില്‍ക്കുക എന്നതാണ് ചെയ്യാനുള്ളത് എന്നും അനില്‍ ആന്റണി പറഞ്ഞു. എകെ ആന്റണി 52 വര്‍ഷം പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. അന്ന് പോലും തങ്ങള്‍ സജീവമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണ് എന്നും അനില്‍ ആന്റണി പറഞ്ഞു.












Click it and Unblock the Notifications