കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി: ശിവരാജ് പാട്ടീലിൻ്റെ മരുമകൾ ബിജെപിയില്‍ ചേർന്നു
ഡല്‍ഹി: അനില്‍ ആന്റണിക്കും പത്മജ വേണുഗോപാലിനും പിന്നാലെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് മറ്റൊരു മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ മരുമകളും പാർട്ടി വിട്ട് ബി ജെ പിയില്‍ ചേർന്നു. മുൻ ലോക്‌സഭാ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമൊക്കെയായിരുന്ന ശിവരാജ് പാട്ടീലിൻ്റെ മരുമകൾ അർച്ചന പാട്ടീല്‍ ചകുർക്കറെയാണ് ശനിയാഴ്ച ബി ജെ പിയിൽ ചേർന്നത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാൻവിസിൻ്റെയും സംസ്ഥാന ബി ജെ പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെയും സാന്നിധ്യത്തില്‍ അർച്ചന പാട്ടീല്‍ ബി ജെ പി അഗംത്വം സ്വീകരിച്ചു. ഉദ്ഗീറിലെ ലൈഫ് കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്റർ ചെയർപേഴ്സണായ അർച്ചന ബി ജെ പി അംഗത്വം സ്വീകരിക്കുന്നതിന് മുമ്പ് ഫഡ്‌നാവിസിൻ്റെ മുംബൈയിലെ വസതിയായ 'സാഗറിൽ' വച്ച് ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അർച്ചനയുടെ ഭർത്താവും ശിവരാജ് പാട്ടിലിന്റെ മകനുമായ ശൈലേഷ് പാട്ടീൽ ചന്ദൂർക്കർ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. ഇദ്ദേഹം കോണ്‍ഗ്രസ് വിട്ടിട്ടില്ല. 2004 മുതല്‍ 2008 വരെ ഒന്നാം മന്‍മോഹന്‍ സിങ് സർക്കാറിന്റെ കാലത്തായിരുന്നു ശിവരാജ് പാട്ടീല്‍ ആഭ്യന്തര മന്ത്രി പദം വഹിച്ചത്. പിന്നീട് 2008 ലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം മന്ത്രി പദവി രാജിവെക്കുകയും ചെയ്തു.
അതേസമയം, മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര എം പിയും നടിയുമായ നവനീത് റാണയും ബി ജെ പിയില്‍ ചേർന്നു. "കഴിഞ്ഞ അഞ്ച് വർഷമായി, ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു, എൻ്റെ പ്രത്യയശാസ്ത്രം വ്യത്യസ്തമല്ല. എൻ്റെ ഭർത്താവ്, എം എൽ എ രവി റാണയും മഹാരാഷ്ട്രയിലെ ബി ജെ പി സർക്കാരിനെ പിന്തുണച്ചു. പ്രധാനമന്ത്രി മോദി താഴേക്കിടയില്‍ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കുന്നു. എനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് തന്നു, എൻ്റെ കഠിനാധ്വാനത്തെ ബിജെപി മാനിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ച് 400 സീറ്റ് മറികടക്കുകയെന്ന ലക്ഷ്യം ഞങ്ങള്‍ നിറവേറ്റും. ബിജെപിക്ക് വേണ്ടി അർപ്പണബോധമുള്ള പ്രവർത്തകയായി പ്രവർത്തിക്കും," ബി ജെ പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ നവനീത് റാണ പറഞ്ഞു.
മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിൽ നിന്നാണ് നവനീത് റാണ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുന്നത്. കർണാടകയിലെ ചിത്രദുർഗയിൽ നിന്ന് ഗോവിന്ദ് കർജോളിനെയും ബി ജെ പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളും പട്ടികജാതി സ്ഥാനാർത്ഥികൾക്കായി സംവരണം ചെയ്തതാണ്. നേരത്തെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച നവനീത് റാണ 2014ൽ എൻ സി പി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2019 ല്‍ സ്വതന്ത്രയായി മത്സരിക്കുമ്പോള്‍ എന്‍ സി പിയും കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications