അരുണാചൽ പ്രദേശില്‍ സൈനിക ഹെലികോപ്ടർ തകർന്ന് വീണ് 2 മരണം: മൂന്നുപേർക്കായി തിരച്ചില്‍
ഗുവാഹത്തി: അരുണാചൽ പ്രദേശില്‍ ഹെലികോപ്റ്റർ തകർന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. ആകെ അഞ്ച് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അപ്പർ സിയാങ് ജില്ലയിലാണ് സൈനിക ഹെലികോപ്റ്റർ തകർന്നു വീണതെന്നാണ് ദേശീയ വാർത്താ ഏജന്‍സിയാ എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നത്. മിഗ്ഗിംഗ് എന്ന ഗ്രാമ പ്രദേശത്തിന് സമീപത്ത് വെച്ച് സൈന്യത്തിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) തകർന്നു വീഴുകയായിരുന്നു.
റോഡുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലയിലാണ് ഹെലികോപ്റ്റർ തകർന്ന് വീണതെന്നും അപകടസ്ഥലത്തേക്ക് ഒരു റെസ്ക്യൂ ടീമിനെ അയച്ചിട്ടുണ്ടെന്ന് അപ്പർ സിയാങ് സീനിയർ കോപ്പ് ജുമർ ബസാറിനെ ഉദ്ധരിച്ചുകൊണ്ട് എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബറിൽ അരുണാചൽ പ്രദേശിൽ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റർ അപകടമാണിത്. ഈ മാസം ആദ്യം തവാങ്ങിനടുത്ത് ചീറ്റ ഹെലികോപ്റ്റർ തകർന്ന് ഒരു പൈലറ്റിന് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ കേദാർനാഥിന് സമീപം ഹെലികോപ്റ്റർ തകർന്ന് ഒരു പൈലറ്റ് ഉൾപ്പെടെ ഏഴ് യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു. രാവിലെ 11.40 ഓടെ രുദ്രപ്രയാഗിലെ ഗരുഡ് ചാട്ടിക്ക് സമീപമുള്ള കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.
മോശം കാലാവസ്ഥയും കാഴ്ചക്കുറവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിച്ചത്. കൃത്യമായ അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ സി രവിശങ്കർ വ്യക്തമാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications