കോപ്ടർ അപകടം: ബിപിൻ റാവത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ; 7 പേർ മരിച്ചതായി തമിഴ് മാധ്യമങ്ങൾ
തമിഴ്നാട്: ഊട്ടിക്കടുത്ത് നീലഗിരി കൂനുരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലെന്ന് വിവരം. അദ്ദേഹത്തെ സംഭവസ്ഥലത്തു നിന്ന് വെല്ലിങ്ടൺ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. എന്നാൽ എത്രത്തോളം പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യനില എങ്ങനെയാണെന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം, 80 ശതമാനം പൊള്ളലേറ്റ നിലയിൽ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവിധ മാധ്യമങ്ങളും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നത്.14 പേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് ഉന്നതതല മെഡിക്കൽ സംഘം ഊട്ടിക്ക് തിരിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ വെല്ലിംഗ്ടൺ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ, ഒൻപത് പേരുടെ ഔദ്യോഗിക പേര് വിവരങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ഉൾപ്പെടെ ലഭിച്ചിട്ടുള്ളത്.
അപകടത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ മൂന്ന് പേരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും നാല് മൃതദേങ്ങൾ ഇതുവരെ കണ്ടെടുത്തതായി വാർത്താ ഏജൻസി അറിയിച്ചു. വ്യോമസേനയുടെ എം.17 ചോപ്പറാണ് അപകടത്തിൽപ്പെട്ടത്.
ബിപിൻ റാവത്തിൻ്റേയോ അദ്ദേഹത്തിൻ്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം നൽകിയിട്ടില്ല. എന്നാൽ, ചില മാധ്യമങ്ങൾ അനൗദ്യോഗികമായി റാവത്തിൻ്റെ പത്നി സംഭവത്തിൽ മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവരുടെ ആരോഗ്യനില എങ്ങനെയാണെന്നത് സംബന്ധിച്ച് ഒരു വിവരവും സ്ഥിരീകരിച്ചു കൊണ്ട് പുറത്തുവന്നിട്ടില്ല.

അതേസമയം, അപകടവിവരം പുറത്ത് വന്നതിന് പിന്നാലെ ദില്ലിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം ദില്ലിയിൽ ചേർന്നു. പ്രതിരോധമന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടേക്കും. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രതിരോധമന്ത്രാലയം ലഭ്യമാക്കിയിട്ടില്ല. പാർലമെൻറിൽ കേന്ദ്രമന്ത്രി വിവരം അവതരിപ്പിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ സുളൂർ വ്യോമസേന കേന്ദ്രത്തിൽ നിന്നും വെല്ലിംഗ്ടൺ ഡിഫൻസ് കോളേജിലേക്കായിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്രയായിരുന്നത്. ഡിഫൻസ് കോളേജിൽ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിൻ്റെ പ്രഭാഷണമുണ്ടായിരുന്നു. ഹെലികോപ്ടറിൽ സംയുക്ത സൈനികമേധാവിയുടെ ഭാര്യയെ കൂടാതെ വേറെയും ചില കുടുംബാംങ്ങളുണ്ടായിരുന്നുവെന്ന വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെയൊരു സ്ഥിരീകരണമുണ്ടായിട്ടില്ല. അപകടസ്ഥലത്തേക്ക് സുളൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങൾ നൽകാൻ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു.

സൈനിക ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി പരിഗണന ലഭിക്കുന്ന വ്യക്തിയാണ് സംയുക്തസേനാ മേധാവി. സംയുക്ത സേനാ മേധാവി സഞ്ചരിക്കുന്ന ഹെലികോപ്റ്റർ അപകടത്തിൽപെടുന്ന സംഭവം രാജ്യത്തെ പോലും നടുക്കുന്നതാണ്. എന്തെങ്കിലും സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോ, എന്താണ് അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്നത് സംബന്ധിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കരസേനയും നാവികസേനയും അപകടത്തിൽ വിശദമായ അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ഉന്നത ഉദ്യോഗസ്ഥനായ ജനറൽ ബിപിൻ റാവത്തിൻ്റെ ചോപ്പർ അപകടത്തിൽപ്പെട്ടത് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അടക്കം ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.
മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. ബിപിൻ റാവത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച സ്ഥിരീകരണങ്ങൾ ഉടനടി ഉണ്ടാകുമെന്നാണ് വിവിധ മന്ത്രാലയങ്ങൾ അറിയിക്കുന്നത്.
ജൂഹീ... എന്തൊരു അഴകാണ് കാണാന്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications