കൂടുതലുണ്ടെങ്കില്‍ ദില്ലിക്ക് നല്‍കൂ, ഓക്‌സിജനായി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ച് കെജ്‌രിവാള്‍
ദില്ലി: ഓക്‌സിജന്‍ ക്ഷാമത്തില്‍ നട്ടംതിരിയുന്ന ദില്ലിക്ക് വേണ്ടി സംസ്ഥാനങ്ങളോട് ഓക്‌സിജന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനങ്ങളില്‍ ആവശ്യത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ ഉണ്ടെങ്കില്‍ ദില്ലിക്ക് കൂടി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കെജ്രിവാള്‍. കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ വിഷയത്തില്‍ ദില്ലിയെ സഹായിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും മതിയാവാത്ത സ്ഥിതിയാണ് ദില്ലിയില്‍ ഉള്ളതെന്ന് കെജ്രിവാള്‍ പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് ദില്ലി നേരിടുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ഓക്‌സിജനായി കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.അതേസമയം ദില്ലിയിലെ ആശുപത്രികളില്‍ പലതും ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം കപ്പാസിറ്റി കുറച്ചിരിക്കുകയാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലും ദില്ലിയില്‍ വന്‍ വര്‍ധനവാണ് ഉള്ളത്. ഇരുപതിനായിരത്തിലധികം കേസുകള്‍ എന്ന നിലയിലാണ് ദിവസേന കാര്യങ്ങള്‍ പോകുന്നത്. മെഡിക്കല്‍ ഓക്‌സിജന്‍, ഐസിയു കിടക്കകള്‍, എന്നിവയുടെ വലിയ അഭാവം ദില്ലിയിലെ ആരോഗ്യ മേഖലയെ തകര്‍ത്ത അവസ്ഥയിലാണ്. ഇന്നലെ മാത്രം 348 പേരാണ് ദില്ലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രവും ദില്ലി സര്‍ക്കാരും തമ്മില്‍ വലിയ വാഗ്വാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. വേണ്ടത്ര ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചില്ലെന്നാണ് കെജ്രിവാളിന്റെ പരാതി. എന്നാല്‍ വിതരണത്തിനായി ടാങ്കറുകള്‍ സംഘടിപ്പിക്കുന്നതില്‍ ദില്ലി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് ബിജെപി സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. ദില്ലി ഒഴിച്ച് ബാക്കി എല്ലാ സംസ്ഥാനങ്ങളും ഓക്‌സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
കേന്ദ്രം ദില്ലിക്കായി 480 മില്ലി ടണ്‍ ഓക്‌സിജന്‍ നിത്യേന നല്‍കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്. ദില്ലി ക്രയോജനിക് ടാങ്കറുകള്‍ മാത്രം നല്‍കിയാല്‍ മതി. എന്നാല്‍ 380 എംടി ഓക്‌സിജന്‍ മാത്രമാണ് ല ഭിക്കുന്നതെന്ന് ദില്ലി സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 300 മില്ലി ടണ്ണില്‍ താഴെയാണ് ലഭിക്കുന്നതെന്നും ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. ക്രയോജനിക് ടാങ്കറുകള്‍ കൃത്യമായി ഒരുക്കി ഓക്‌സിജന്‍ ശേഖരിക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഹൈക്കോടതിയും അറിയിച്ചിട്ടുണ്ട്. നിത്യേന 700 മില്ലി ടണ്‍ ഓക്‌സിജനാണ് ദില്ലിക്ക് ആവശ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.












Click it and Unblock the Notifications