കെജ്രിവാളിന് ആശ്വാസമില്ല, ഹര്‍ജി കോടതി തള്ളി; ജയിലില്‍ തുടരും
ന്യൂഡല്‍ഹി: അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കാണിച്ച് കോടതി തള്ളി. ഒരു രാത്രി കൂടി ജയിലില്‍ അദ്ദേഹം തുടരേണ്ടി വരും. മദ്യഅഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അറസ്റ്റിനെ ചോദ്യം ചെയ്താണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്.
കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഇഡിക്ക് നേരത്തെ കോടതി നോട്ടീസയച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. ഏപ്രില്‍ മൂന്നിനാണ് ഹര്‍ജി ഇനി പരിഗണിക്കുക. നിലവില്‍ ഇഡിയുടെ കസ്റ്റഡിയിലാണ് കെജ്രിവാള്‍. ഇഡിയുടെ ഡല്‍ഹി ഓഫീസിലെ ലോക്കപ്പിലാണ് കെജ്രിവാള്‍ ഇപ്പോഴുള്ളത്.നാളെയാണ് കെജ്രിവാളിന്റെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.

നാളെ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഇഡി അധികൃതര്‍ ഹാജരാക്കും. ഇഡി കൂടുതല്‍ സമയം ക്രെജ്രിവാളിന്റെ കസ്റ്റഡി ആവശ്യപ്പെടും. ഇഡി നിയമനടപടികള്‍ വൈകിപ്പിക്കുകയാണെന്ന് കെജ്രിവാളിന്റെ ലീഗല്‍ ടീം ഇന്ന് കോടതിയില്‍ പറഞ്ഞു. മൂന്നാഴ്ച്ച സമയം കേസില്‍ പ്രതികരിക്കാനായി ഇഡി ആവശ്യപ്പെട്ടിരുന്നു.
ഇത് കേസ് വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകര്‍ വാദിച്ചു. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവാണ് ഹാജരായത്. കോടതി രേഖകള്‍ പഠിക്കാന്‍ കുറച്ച് കൂടി സമയം വേണമെന്നാണ് എഎസ്ജി ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജി മാര്‍ച്ച് 23ന് തന്നെ ഫയല്‍ ചെയ്തിരുന്നുവെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വി പറഞ്ഞു.
തന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് കൊണ്ടാണ് അറസ്റ്റ് നടന്നിട്ടുള്ളതെന്ന് കെജ്രിവാള്‍ വാദിച്ചു. ചോദ്യം ചെയ്യാതെയുള്ള ഈ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമാണ്. കെജ്രിവാള്‍ കുറ്റം ചെയ്തത് കൊണ്ടാണ് അറസ്റ്റെന്ന് തെളിയിക്കാന്‍ ഇഡിക്ക് സാധിച്ചിട്ടില്ലെന്നും കെജ്രിവാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. ആംആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തടസ്സപ്പെടുത്താനുള്ള നീക്കം മാത്രമാണിതെന്നും സിംഗ്‌വി പറഞ്ഞു.
കഴിഞ്ഞയാഴ്ച്ചയാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. മദ്യഅഴിമതി കേസില്‍ കെജ്രിവാളാണ് മുഖ്യ പ്രതിയെന്ന് ഇഡി ആരോപിച്ചിരുന്നു. മദ്യ അഴിമതിയിലൂടെ 600 കോടിയോളം കോഴയായി ലഭിച്ചുവെന്നും, ഇത് ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നുമാണ് ഇഡി ആരോപിക്കുന്നത്.
അതേസമയം അറസ്റ്റിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്ന് വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയര്‍ന്നുവന്നത്. പാര്‍ട്ടിയുടെ പ്രചാരണങ്ങളെ തകര്‍ക്കാന്‍ വേണ്ടിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് എഎപി ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപി ആരോപണങ്ങളെ തള്ളിയിരുന്നു.


Click it and Unblock the Notifications