ആരാണ് മോഹന്‍ ഭാഗവത്? രൂക്ഷ വിമര്‍ശനവുമായി ഉവൈസി, ഉപദേശവുമായി കപില്‍ സിബല്‍
ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവനക്കെതിരെ നേതാക്കള്‍. മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസിയും മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലുമാണ് ഭാഗവതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയില്‍ താമസിക്കാന്‍ മുസ്ലിങ്ങള്‍ക്ക് അനുമതി നല്‍കുന്നു എന്ന് പറയാന്‍ ആരാണ് മോഹന്‍ ഭാഗവത് എന്ന് ഉവൈസി ചോദിച്ചു. ''മുസ്ലിങ്ങള്‍ക്ക് ജീവിക്കാനും വിശ്വാസം അനുസരിച്ച് മുന്നോട്ട് പോകാനും അനുമതി നല്‍കുന്നു എന്ന് പറയാന്‍ ഭാഗവത് ആരാണ്.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ ഇന്ത്യക്കാരാണ്. ഞങ്ങളുടെ പൗരത്വത്തിന് ഉപാധികള്‍ വയ്ക്കാന്‍ ഭാഗവതിന് എങ്ങനെ ധൈര്യം വന്നു. വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്തല്ല ഞങ്ങള്‍ ഇവിടെ ജീവിക്കുന്നത്. സ്വന്തം രാജ്യത്ത് ഭിന്നതയുണ്ടാക്കുന്ന ആര്‍എസ്എസിന് ലോകത്തോട് വസുദൈവ കുടുംബകം എന്ന് പറയാന്‍ സാധിക്കില്ല. മുസ്ലിം രാജ്യങ്ങളിലെ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്യുന്നു. എന്നാല്‍ സ്വന്തം രാജ്യത്തെ മുസ്ലിങ്ങളെ അദ്ദേഹം എന്തുകൊണ്ട് ആലിംഗനം ചെയ്യുന്നില്ലെന്നും ഉവൈസി ചോദിച്ചു.
മനുഷ്യനെ മനുഷ്യനായി കാണണമെന്ന് കപില്‍ സിബല്‍ പ്രതികരിച്ചു. മോഹന്‍ ഭാഗവത്, ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തുടരണം, സമ്മതിക്കുന്നു, എന്നാല്‍ മനുഷ്യന്‍ മനുഷ്യനായി തുടരണം എന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ഭാഗവത് വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തുടരണം, ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഭീഷണിയില്ല. പക്ഷേ, മുസ്ലിങ്ങള്‍ മേല്‍ക്കോയ്മാ വാദം ഉപേക്ഷിക്കണം എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍.
മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ഭീഷണിയില്ല. അവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരമുള്ള വിശ്വാസം അനുസരിച്ച് ജീവിക്കാം. അവരുടെ മുന്‍ഗാമികളുടെ വിശ്വാസത്തിലേക്ക് വരണമെങ്കില്‍ അതാകാം. എന്നാല്‍ മേല്‍ക്കോയ്മാ വാദം മുസ്ലിങ്ങള്‍ അവസാനിപ്പിക്കണം. ഞങ്ങളാണ് വലിയവര്‍, ഒരു കാലത്ത് ഈ രാജ്യം ഭരിച്ചവരാണ്. വീണ്ടും ഭരിക്കണം. ഞങ്ങളുടെ വഴി മാത്രമാണ് ശരി, ബാക്കിയുള്ളവരെല്ലാം തെറ്റാണ്. ഞങ്ങള്‍ വ്യത്യസ്തരാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയില്ല... തുടങ്ങിയ വാദം മുസ്ലിങ്ങള്‍ ഉപേക്ഷിക്കണം.
ഇവിടെ ജീവിക്കുന്ന ഹിന്ദുവാകട്ടെ, കമ്യൂണിസ്റ്റാകട്ടെ ഈ ചിന്ത ഒഴിവാക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ജനസംഖ്യാ നിയന്ത്രണം ആവശ്യമാണ്. ജയ് ശ്രീറാം പോലുള്ള മുദ്രാവാക്യങ്ങള്‍ ജനങ്ങളെ ഉണര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.












Click it and Unblock the Notifications