ലോകത്തിന്റെ പകുതിയും കൊണ്ടുപോകുമെന്ന് അസിം മുനീർ; ആണവാക്രമണ ഭീഷണിയിൽ പ്രതികരിച്ച് ഇന്ത്യ
ന്യൂഡൽഹി: പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ ആണവാക്രമണ ഭീഷണിക്ക് പിന്നാലെ മറുപടിയുമായി ഇന്ത്യ. വിഷയത്തിൽ ഇന്ത്യ പാകിസ്ഥാനെ കടന്നാക്രമിച്ചു. അസിം മുനീറിന്റെ പരാമർശത്തെ രാജ്യം അപലപിച്ചു. നിരുത്തരവാദപരമായ പ്രസ്‌താവന എന്നാണ് ഇന്ത്യ പാക് സൈനിക മേധാവിയുടെ പ്രസ്‌താവനകളെ വിശേഷിപ്പിച്ചത്. ഇന്ത്യയുമായി തീരുവ വിഷയത്തിൽ അകന്ന് നിൽക്കുന്ന യുഎസിൽ നിന്നാണ് മുനീറിന്റെ പ്രകോപനം ഉണ്ടായത് എന്നത് ശ്രദ്ധേമായ കാര്യമാണ്.
'അമേരിക്കൻ സന്ദർശന വേളയിൽ പാകിസ്ഥാൻ സൈനിക മേധാവി നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പരാമർശങ്ങളിലേക്ക് ഞങ്ങളുടെ ശ്രദ്ധ ആകർഷിക്കപ്പെട്ടിട്ടുണ്ട്. ആണവായുധ ആക്രമണമാണ് പാകിസ്ഥാന്റെ പ്രധാന ലക്ഷ്യം' വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. അസിം മുനീറിന്റെ പരാമർശത്തിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് പ്രസ്‌താവനയ്ക്ക് എതിരെ വിമർശനം ഉയർന്നുവന്നിരുന്നു.

ഇന്ത്യയിൽ നിന്ന് അസ്‌തിത്വ ഭീഷണി നേരിടുകയാണെങ്കിൽ, ആണവായുധ സമ്പന്ന രാഷ്ട്രമായ പാകിസ്ഥാൻ 'ലോകത്തിന്റെ പകുതിയും നശിപ്പിക്കും എന്ന് അസിം മുനീർ തന്റെ യുഎസ് സന്ദർശന വേളയിൽ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു മൂന്നാം രാജ്യത്തിനെതിരെ യുഎസ് മണ്ണിൽ നിന്ന് ഒരു ആണവ ഭീഷണി പുറപ്പെടുവിക്കുന്നതിന്റെ അറിയപ്പെടുന്ന ആദ്യ സംഭവം കൂടിയായിരുന്നു ഇത്.
'ഇത്തരം പരാമർശങ്ങളിൽ അന്തർലീനമായിരിക്കുന്ന ഉത്തരവാദിത്തമില്ലായ്‌മയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയും, ഇത് സൈന്യം തീവ്രവാദ ഗ്രൂപ്പുകളുമായി കൈകോർക്കുന്ന ഒരു സംസ്ഥാനത്ത് ആണവ കമാൻഡിന്റെയും നിയന്ത്രണത്തിന്റെയും സമഗ്രതയെക്കുറിച്ചുള്ള സ്ഥിരമായ സംശയങ്ങളെ ശക്തിപ്പെടുത്തുന്നു' എന്നായിരുന്നു ഇന്ത്യയുടെ മറുപടി.
'ഒരു സൗഹൃദപരമായ മൂന്നാം രാജ്യത്തിന്റെ മണ്ണിൽ നിന്നാണ് ഈ പരാമർശങ്ങൾ നടത്തിയത് എന്നത് ഖേദകരമാണ്' ആണവ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ തുടർന്നും സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പാകിസ്ഥാൻ പ്രാദേശിക, ആഗോള സുരക്ഷയെ എങ്ങനെ അപകടത്തിലാക്കുന്നുവെന്ന് ഈ പരാമർശം വ്യക്തമാക്കുന്നു എന്നാണ് ഇന്ത്യ പറയുന്നത്. യുഎസ് പാകിസ്ഥാൻ സൈന്യത്തെ പിന്തുണയ്ക്കുമ്പോഴെല്ലാം, അവർ എല്ലായ്പ്പോഴും അവരുടെ തനിനിറം കാണിക്കാറുണ്ടെന്നും ഇന്ത്യൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'പാകിസ്ഥാനിൽ ജനാധിപത്യം നിലവിലില്ല എന്നതിന്റെ സൂചനയാണിത്; പകരം, സൈന്യമാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്. ആണവായുധങ്ങൾ പാകിസ്ഥാനിലെ സർക്കാരിതര സംഘടനകളുടെ കൈകളിലേക്ക് എത്താനുള്ള യഥാർത്ഥ അപകടമുണ്ട്' എന്നും രാവിലെ പാക് സൈനിക മേധാവിയുടെ പ്രകോപനത്തോട് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു.
എന്താണ് അസിം മുനീർ പറഞ്ഞത്?
യുഎസിലെ ഒരു സ്വകാര്യ അത്താഴവിരുന്നിൽ അസിം മുനീർ നടത്തിയ ഒരു സംവാദത്തിനിടെ, ഇന്ത്യയിൽ നിന്നുള്ള അസ്‌തിത്വ ഭീഷണിയെ നേരിടുകയാണെങ്കിൽ ഇസ്ലാമാബാദ് ലോകത്തിന്റെ പകുതിയും തകർക്കും എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിയുന്നത് വരെ നമ്മൾ കാത്തിരിക്കും, അത് പൂർത്തിയായാൽ നമ്മൾ പത്ത് മിസൈലുകൾ ഉപയോഗിച്ച് അതിനെ തകർക്കുമെന്നും മുനീർ പറഞ്ഞിരുന്നു.
ഇന്ത്യയുയി മെയ് മാസത്തിൽ നടന്ന നാല് ദിവസത്തെ സംഘർഷത്തിന് ശേഷം രണ്ട് മാസത്തിനിടെ പാക് സൈനിക മേധാവി രണ്ടാമത്തെ തവണയാണ് യുഎസ് സന്ദർശനം നടത്തുന്നത്. മുതിർന്ന രാഷ്ട്രീയ, സൈനിക നേതൃത്വവുമായും പാകിസ്ഥാൻ പ്രവാസികളായ അംഗങ്ങളുമായും അദ്ദേഹം ഉന്നതതല ആശയവിനിമയങ്ങളിൽ ഏർപ്പെട്ടുവെന്നാണ് പാക് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ വേളയിലാണ് ഇന്ത്യക്കെതിരായ പ്രകോപനപരമായ പ്രസ്‌താവന കൂടി വന്നത്.












Click it and Unblock the Notifications