'മൂന്ന് ഭാര്യമാരുമായി വരുന്ന പുരുഷനെ വേണോ? ഏകസിവില്‍ കോഡ് മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി'
ഗുവാഹത്തി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഏകസിവില്‍ കോഡ് നടപ്പാക്കുന്നത്. മൂന്ന് ഭാര്യമാരുമായി വീട്ടില്‍ വരുന്ന ഭര്‍ത്താവിനെ ഏതെങ്കിലും സ്ത്രീകള്‍ക്ക് ആവശ്യമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകസിവില്‍ കോഡ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചാണ് ഹിമന്ത ബിശ്വ ശര്‍മയുടെ പ്രതികരണം.
എല്ലാവരും ഏകസിവില്‍ കോഡ് നടപ്പാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. മൂന്ന് ഭാര്യമാരുമായി വീട്ടില്‍ വരുന്ന ഭര്‍ത്താവിനെ ഒരു മുസ്ലിം സ്ത്രീക്കും ആവശ്യമില്ല. മുസ്ലിം സ്ത്രീകളോട് ഇക്കാര്യം നിങ്ങള്‍ ചോദിക്കൂ. ഏകസിവില്‍കോഡ് എന്റെ മാത്രം വിഷയമല്ല. ഇത് എല്ലാ മുസ്ലിം സ്ത്രീകളുടെയും വിഷയമാണ്. മുത്തലാഖ് നിരോധിച്ച ശേഷം മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടിയാണ് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. തദ്ദേശീയരായ മുസ്ലിങ്ങള്‍ കുടിയേറ്റക്കാരായ മുസ്ലിങ്ങളുമായി ചേര്‍ന്ന് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്നും അസമിലെ പുതിയ ചില വിവാദങ്ങള്‍ സൂചിപ്പിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

അസമില്‍ തദ്ദേശീയരായ മുസ്ലിങ്ങള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍, തദ്ദേശീയരായ മുസ്ലിങ്ങള്‍ എന്നിങ്ങനെ വേര്‍ത്തിരിച്ച് കാര്‍ഡ് നല്‍കാനാണ് നീക്കം. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങളാണ് അസമിലുള്ളത് എന്ന് ബിജെപി ആരോപിക്കുന്നു. ഇവര്‍ക്ക് തദ്ദേശീയ അസമീസ് മുസ്ലിങ്ങള്‍ എന്ന കാര്‍ഡ് നല്‍കില്ല. ഇതിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്താത്ത സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ മത വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരികയാണെന്നും എഐയുഡിഎഫ് നേതാവ് റഫീഖുല്‍ ഇസ്ലാം ആരോപിച്ചു.
തദ്ദേശീയരായ മുസ്ലിങ്ങളെയും കുടിയേറ്റക്കാരായ മുസ്ലിങ്ങളെയും തിരിച്ചറിയുന്നതിനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി റിപബ്ലിക് റിപ്പോര്‍ട്ട് ചെയ്തു. വിഷയം പഠിക്കാന്‍ ഒരു സബ്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. അസമീസ് മുസ്ലിങ്ങളെയും കുടിയേറ്റ മുസ്ലിങ്ങളയും കണ്ടെത്തുന്നതിന് സര്‍ക്കാര്‍ വൈകാതെ തീരുമാനമെടുക്കും. അസമില്‍ ആരും ഇതിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ വൈകാതെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications