അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ്; മൊത്തം 690 മണ്ഡലങ്ങള്‍, 18.34 കോടി ജനങ്ങള്‍
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നിവയാണവ. ഇതില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണം. ബാക്കി നാല് സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. മാര്‍ച്ച് 15നാണ് ഗോവ നിമയസഭയുടെ കാലാവധി അവസാനിക്കുക. മണിപ്പൂര്‍ മാര്‍ച്ച് 19, ഉത്തരാഖണ്ഡും പഞ്ചാബും മാര്‍ച്ച് 23, ഉത്തര്‍ പ്രദേശ് മെയ് 14 എന്നിങ്ങനെയാണ് നിയമസഭാ കാലാവധി അവസാനിക്കുന്ന തിയ്യതികള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി 690 നിയോജക മണ്ഡലങ്ങളാണുള്ളത്. ഉത്തര്‍ പ്രദേശിലാണ് കൂടുതല്‍. ഇവിടെ 403 മണ്ഡലങ്ങളുണ്ട്. പഞ്ചാബില്‍ 117, ഉത്തരാഖണ്ഡില്‍ 70, ഗോവയില്‍ 40, മണിപ്പൂരില്‍ 60 എന്നിങ്ങനെയാണ് മണ്ഡലങ്ങളുടെ എണ്ണം. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം 18.34 കോടിയാണ്. ഇതില്‍ 8.55 കോടി സ്ത്രീകളാണ്. എല്ലാ മണ്ഡലങ്ങളിലും ഒരു ബൂത്ത് പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലായിരിക്കും. ഒരു പോളിങ് ബൂത്തില്‍ 1000ത്തില്‍ താഴെ വോട്ടര്‍മാരേ ഉണ്ടാകൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റ ചട്ടം നിലവില്‍ വന്നുവെന്് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.
ഇവിഎം, വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിച്ചാകും എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞുവെന്ന് സുശീല്‍ ചന്ദ്ര പറഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള കാരണവും പാര്‍ട്ടികള്‍ അറിയിക്കണം. ജനുവരി 15 വരെ കൂട്ടമായ പ്രചാരണം പാടില്ല. റോഡ് ഷോ, റാലികള്‍ എന്നിവ നടത്തരുത്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാലാണിത്. ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ഥന മാനിച്ചാണ് നിയന്ത്രണം. ഇതുമായി ബന്ധപ്പെട്ട തുടര്‍ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും കൊവിഡ് ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണമെന്നാണ് നിര്‍ദേശം.
തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഇങ്ങനെയാണ്...
ഉത്തര്‍ പ്രദേശില്‍ ഏഴ് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7.
പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടക്കും. മണിപ്പൂരില്‍ രണ്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനും. എല്ലാ സംസ്ഥാനങ്ങളിലും ഫലം പ്രഖ്യാപിക്കു മാര്‍ച്ച് 10നായിരിക്കും.












Click it and Unblock the Notifications