ചിത്രം തെളിയുന്നു; നാലിടത്ത് ബിജെപി, ഒരിടത്ത് എഎപി... കോണ്‍ഗ്രസ് പൂജ്യത്തിലേക്ക്
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ചിത്രം തെളിയുന്നു. നാലിടത്ത് ബിജെപിക്കാണ് സാധ്യതയേറിയിരിക്കുന്നത്, ഒരിടത്ത് എഎപിയും. സുപ്രധാന സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തും. കൂടാതെ ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ബിജെപി തുടര്‍ന്നേക്കും. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചാബില്‍ എഎപി ഭരണം പിടിക്കാനാണ് സാധ്യത.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കോണ്‍ഗ്രസിന് നേരിയ സാധ്യത കണ്ടിരുന്നത് ഗോവയിലും ഉത്തരാഖണ്ഡിലുമായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് ലീഡ് കുറയുകയും ബിജെപി കുതിക്കുകയും ചെയ്യുന്നതാണ് കാഴ്ച. ഉത്തര്‍ പ്രദേശില്‍ തുടക്കം മുതല്‍ ബിജെപിയുടെ കുതിപ്പ് പ്രകടമാണ്. കേവല ഭൂരിപക്ഷത്തിന് ഇവിടെ 202 സീറ്റാണ് ആവശ്യം. ബിജെപി അത് മറികടന്ന് കുതിക്കുകയാണ്. എസ്പി ആദ്യം ഒപ്പത്തിനൊപ്പം പിടിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും പിന്നീട് കാലിടറി.

ഗോവയില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് ലീഡ് പിടിച്ചു. ഉത്തരാഖണ്ഡില്‍ കേവല ഭൂരിപക്ഷത്തിന് മതിയായ സീറ്റില്‍ ബിജെപി ലീഡ് തുടരുകയാണ്. മണിപ്പൂരില്‍ തുടക്കം മുതല്‍ ബിജെപിയുടെ കുതിപ്പ് പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനം പഞ്ചാബായിരുന്നു. ഇവിടെ എഎപിയാണ് മുന്നേറുന്നത്. കേവല ഭൂരിപക്ഷം മറികടന്നാണ് എഎപിയുടെ മുന്നേറ്റം.
ഉത്തരാഖണ്ഡില്‍ 48 സീറ്റ് നേടി അധികാരത്തിലെത്തുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ പ്രതികരണം. എന്നാല്‍ അദ്ദേഹം സ്വന്തം മണ്ഡലത്തില്‍ വളരെ പിന്നിലേക്ക് പോയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബിജെപി തരംഗമാണ് നാല് സംസ്ഥാനങ്ങളിലും. പഞ്ചാബില്‍ എഎപിയും. കൈയ്യിലുണ്ടായിരുന്ന ഒരു സംസ്ഥാനം നഷ്ടമാകുന്ന കോണ്‍ഗ്രസിനെയാണ് വോട്ടെണ്ണലിന്റെ രണ്ടു മണിക്കൂര്‍ തികയുന്ന വേളയില്‍ കാണാന്‍ കഴിയുന്നത്.












Click it and Unblock the Notifications