മൂന്ന് മാസംകൊണ്ടാണ് കളിമാറിയത്... കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഷമ മുഹമ്മദ്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. തെലങ്കാനയിലെ മുന്നേറ്റം മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന ഘടകം. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നഷ്ടമായി. മധ്യപ്രദേശില്‍ ബിജെപിക്ക് തന്നെയാണ് തുടര്‍ഭരണം.
അതേസമയം, കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞാണ് പാര്‍ട്ടി വക്താവ് ഷമ മുഹമ്മദ് പ്രതികരിച്ചത്. ചില പാളിച്ചകള്‍ സംഭവിച്ചുവെന്നു അവര്‍ സമ്മതിക്കുന്നു. മുന്നോട്ട് പോക്കില്‍ കോണ്‍ഗ്രസ് വരുത്തേണ്ട മാറ്റം ഷമ സൂചിപ്പിച്ചു. ഇന്ത്യ മുന്നണി ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് രൂപീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

തെലങ്കാനയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയത് വലിയ കാര്യമാണ് എന്ന് ഷമ പറഞ്ഞു. ദക്ഷിണ ഭാരതത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കാന്‍ സാധിച്ചത് നേട്ടമാണ്. കഴിഞ്ഞ വര്‍ഷം വരെ തെലങ്കാനയില്‍ രണ്ടാമത്തെ വലിയ കക്ഷി ബിജെപിയായിരുന്നു. കഴിഞ്ഞ മൂന്ന് മാസംകൊണ്ടാണ് കാര്യങ്ങള്‍ മാറിയതെന്നും ഷമ മുഹമ്മദ് പ്രതികരിച്ചു.
ഛത്തീസ്ഗഡില്‍ അമിതമായ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. രാജസ്ഥാനില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഭരണം മാറുന്നത് സ്വാഭാവികമാണ്. മധ്യപ്രദേശില്‍ ക്ലോസ് ഫൈറ്റ് ആയിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നാല്‍ ഛത്തീസ്ഗഡിലെ തോല്‍വിയാണ് ഞെട്ടിച്ചതെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസ് ജയിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ഷമ മുഹമ്മദ് പ്രതികരിച്ചു.
കര്‍ണാടക മോഡലില്‍ മൈക്രോ മാനേജ്‌മെന്റ് രീതിയാണ് തിരഞ്ഞെടുപ്പില്‍ വേണ്ടതെന്ന് ഷമ മുഹമ്മദ് പറഞ്ഞു. തെലങ്കാനയില്‍ അതാണ് ചെയ്തതും വിജയം കണ്ടതുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. തെലങ്കാനയില്‍ ആറ് വാഗ്ദാനങ്ങള്‍ ആണ് ഉയര്‍ത്തിപ്പിടിച്ചത്. കര്‍ണാടക ഉദാഹരമായി പ്രചാരണത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. രേവന്ത് റെഡ്ഡി ഫാക്ടറും ഉണ്ടായിരുന്നുവെന്നും ഷമ പറഞ്ഞു.
ജയവും തോല്‍വിയും രാഷ്ട്രീയത്തില്‍ പറഞ്ഞതാണ്. ജനവിധി മാനിക്കുന്നു. ഇന്ത്യ സഖ്യം യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമുണ്ടെന്ന പ്രചാരണം വെറുതെയാണ്. ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് എന്ന് നേരത്തെ കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ അവിടെയുള്ള നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും ഷമ പറഞ്ഞു.












Click it and Unblock the Notifications