പിണറായി വിജയന്റെ സന്ദര്‍ശനം;മംഗളൂരുവില്‍ ആക്രമണം,സിപിഎം ഓഫീസിന് തീയിട്ടു,പിന്നില്‍ ആര്‍എസ്എസ്?
ഉള്ളാള്‍ തൊക്കോട്ട് സിറ്റിയിലുള്ള സിപിഐഎം ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.
മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മംഗളൂരുവില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. മംഗളൂരുവിലെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിനാണ് അജ്ഞാതര്‍ തീയിട്ടത്. ഫെബ്രുവരി 22 ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഉള്ളാള്‍ തൊക്കോട്ട് സിറ്റിയിലുള്ള സിപിഐഎം ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയാണ് തീയിട്ടത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും ഫയലുകളും ഫര്‍ണ്ണീച്ചറുകളും പാര്‍ട്ടി പ്രചരണ ബോര്‍ഡുകളും പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകളാണെന്ന് സിപിഐഎം ആരോപിച്ചു.

ഫെബ്രുവരി 25ന് മംഗളൂരുവിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനോട് അനുബന്ധിച്ച് അന്നേ ദിവസം മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മംഗളൂരുവിലെ പരിപാടിയില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 25ന് നടക്കുന്ന മതസൗഹാര്‍ദ്ദ റാലി അലങ്കോലമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യാപകമായ ആക്രമം അഴിച്ചുവിട്ട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും സിപിഐഎം നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications