'അയോധ്യ രാമക്ഷേത്രം തകർക്കും'; ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു, മുന്നറിയിപ്പ് നവംബർ 16,17 തീയതികളിൽ
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ ഹിന്ദു ആരാധനാലയങ്ങൾക്ക് എതിരെ ഭീഷണി മുഴക്കി ഖാലിസ്ഥാനി നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് പന്നു അക്രമണ ഭീഷണി മുഴക്കിയത്. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്‌റ്റിസിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. നവംബർ 16, 17 തീയതികളിൽ ആക്രമണം അഴിച്ചുവിടുമെന്നാണ് ഇതിൽ പറയുന്നത്.
കാനഡയിലെ ബ്രാംപ്റ്റണിൽ നിന്ന് ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന വീഡിയോയിലൂടെ ഹിന്ദു വിഭാഗത്തിന്റെ ആരാധനാലയങ്ങളാണ് ഖാലിസ്ഥാനി ഭീകരർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അടിത്തറ തങ്ങൾ ഇളക്കുമെന്നാണ് പന്നു തന്റെ വീഡിയോയിൽ പറയുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ നേരിട്ടൊരു ഭീഷണി സന്ദേശം അയോധ്യ രാമക്ഷേത്രത്തിന് നേരെ ഉയരുന്നത്.

'അക്രമാസക്തമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും' എന്നാണ് പന്നു വീഡിയോയിൽ പറയുന്നത്. ഈ വർഷം ജനുവരി മാസത്തിൽ നടന്ന രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ഖാലിസ്ഥാനി ആക്രമണങ്ങളിൽ ഇടപെടാതിരിക്കാൻ കാനഡയിലെ ഇന്ത്യക്കാർക്കും പന്നു മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുരുപത്വന്ത് സിംഗ് പന്നു ഉൾപ്പെടെയുള്ള ഖാലിസ്ഥാനി നേതാക്കൾ കടുത്ത ഭീഷണിയാണ് ഇന്ത്യയ്ക്ക് നേരെ നിരന്തരം ഉയർത്തുന്നത്.
ഇതാദ്യമായല്ല ഇന്ത്യക്ക് നേരെ പന്നു ഭീഷണി പുറപ്പെടുവിക്കുന്നത്. നവംബർ ഒന്ന് മുതൽ 19 വരെയുള്ള ദിവസങ്ങളിൽ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്നാണ് കഴിഞ്ഞ മാസം പന്നു നൽകിയ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചരിത്രത്തിന്റെ കറുത്ത ഏടുകളിൽ ഒന്നായ സിഖ് കൂട്ടക്കൊലയുടെ നാൽപതാം വാർഷിക വരുന്ന സമയമാണിതെന്നും പന്നു അന്ന് വ്യക്തമാക്കിയിരുന്നു.
കൂടാതെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന ഭീഷണിയും ഇയാൾ മുഴക്കിയിരുന്നു. കാനഡയിൽ കഴിഞ്ഞുകൊണ്ട് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന പ്രധാന സംഘടനകളിൽ ഒന്നാണ് എസ്എഫ്ജെ അഥവാ സിഖ്‌സ് ഫോർ ജസ്‌റ്റിസ്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രസ്‌താവനകളുടെ പേരിൽ കുപ്രസിദ്ധൻ കൂടിയാണ് പന്നു.
നാല് വർഷം മുൻപ് ഇന്ത്യ യുഎപിഎ നിയമത്തിൽ അടിസ്ഥാനത്തിൽ പന്നുവിനെ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു. പലതവണ ഇയാളെ പിടിക്കാനായി ശ്രമങ്ങൾ നടത്തിയെങ്കിലും വഴുതി പോവുകയായിരുന്നു. തുടർന്ന് യുഎസ്, കാനഡ എന്നിവിടങ്ങളിലായി കഴിഞ്ഞുകൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങൾ നടത്തി വരികയാണ് പന്നു.
അതിനിടെ കഴിഞ്ഞ ദിവസം കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് പുറത്ത് വച്ച് ഖാലിസ്ഥാനി അനുകൂലികൾ വിശ്വാസികളെ മർദിച്ചുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയവരെയാണ് ഖാലിസ്ഥാനി അനുകൂലികൾ മർദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവരികയും ചെയ്‌തിരുന്നു.












Click it and Unblock the Notifications