ബലിയാടാക്കാന്‍ നോക്കി, നിന്നുകൊടുത്തില്ല, കുറച്ചെങ്കിലും നാണമുണ്ടാവണം; ബിജെപിയോട് സുപ്രിയോ
കൊല്‍ക്കത്ത: ബംഗാളില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ബാബുല്‍ സുപ്രിയോ. തനിക്കെതിരെ അഴിമതിയുടെ ഒരു തരിമ്പ് പോലും ഉന്നയിക്കാന്‍ ബിജെപിക്കാവില്ലെന്ന് സുപ്രിയോ പറഞ്ഞു. തന്നെ ബലിയാടാക്കാന്‍ നോക്കിയ ഒരു പാര്‍ട്ടിയോട് സലാം പറഞ്ഞ് പിരിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രിയോയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പാണ് ബാബുല്‍ സുപ്രിയോ ബിജെപി വിട്ടത്. സംസ്ഥാന ബിജെപിയിലെ പ്രശ്‌നങ്ങളും സുവേന്ദു അധികാരിയുമായുള്ള തര്‍ക്കങ്ങളുമായിരുന്നു സുപ്രിയോയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്.
ബാബുല്‍ സുപ്രിയോക്ക് ടൂറിസത്തിന്റെയും, ഐടി വകുപ്പിന്റെയും ചുമതലയാണ് മമത ബാനര്‍ജി നല്‍കിയത്. ഒരു വര്‍ഷം മുമ്പാണ് താന്‍ ഒട്ടും ധാര്‍മികതയില്ലാത്ത ബിജെപിയില്‍ നിന്ന് ഞാന്‍ രാജിവെച്ചത്. എന്നാല്‍ സ്പീക്കര്‍ എന്റെ രാജി സ്വീകരിക്കാന്‍ പോലും തയ്യാറായില്ല. വളരെ ക്രൂരമായ രീതിയായിരുന്നു അത്.
ബിജെപിയുടെ സംസ്ഥാന സര്‍ക്കാരുകളില്‍ പകുതിയും കൂറുമാറ്റിയെടുത്ത എംഎല്‍എമാരിലൂടെ ഉണ്ടായതാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരെ ഉപയോഗിച്ചാണ് നിങ്ങള്‍ സര്‍ക്കാരുണ്ടാക്കുന്നത്. ബിജെപിയിലെ ഉന്നത പദവി വഹിക്കുന്ന പ്രതിപക്ഷത്ത് നിന്ന് വന്ന എംപിമാരെ തല്‍ക്കാലം ഞാന്‍ പരിഗണിക്കുന്നില്ലെന്നും സുപ്രിയോ പരിഹസിച്ചു.
ബിജെപിയുടെ ഓപ്പറേഷന്‍ ജാര്‍ഖണ്ഡ് ബംഗാളില്‍ വെച്ച് പൊളിഞ്ഞു. എന്തൊരു നാണക്കേടാണിതെന്നും സുപ്രിയോ ട്വീറ്റ് ചെയ്തു. ബിജെപി എന്നത് ക്രിമിനലുകള്‍ക്ക് വാഷിംഗ് മെഷീനാണ്. നമ്മുടെ ചരിത്രമെടുത്ത് നോക്കിയാല്‍ അറിയാം, ഒരു ഭരണപക്ഷ പാര്‍ട്ടിയും പ്രതിപക്ഷത്ത് നിന്ന് ഇത്രയധികം വെറുപ്പ് ഏറ്റുവാങ്ങിയിട്ടില്ലെന്നും സുപ്രിയോ തുറന്നടിച്ചു.
തനിക്ക് അവസരവും പിന്തുണയും തന്നെ മമതാ ബാനര്‍ജിയോട് നന്ദി അറിയിക്കുന്നു. ഇതൊരു കാവ്യ നീതിയാണ്. അത് മമതയുടെ കൈകളിലൂടെ വരികയായിരുന്നു. ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ മമതയാണ് എല്ലാ പ്രചോദനവും ധൈര്യവും തന്ന് തന്നെ മത്സരിപ്പിച്ചതെന്ന് ബാബു സുപ്രിയോ പറഞ്ഞു.
ബിജെപിക്ക് വേണ്ടി എല്ലാം നല്‍കിയിരുന്നു. എന്നാല്‍ എന്തുകൊണ്ട് അവര്‍ ബംഗാളില്‍ നിന്നുള്ള ഒരാളെ സ്വതന്ത്ര അധികാരമുള്ള കേന്ദ്ര മന്ത്രിയായി നിയമിക്കുന്നില്ലെന്നും സുപ്രിയോ ചോദിച്ചു. 2014 മുതല്‍ ഞാന്‍ അവഗണിക്കപ്പെട്ടതായും മോശമായി അവര്‍ കൈകാര്യം ചെയ്യുന്നതായും തോന്നിയിരുന്നു. താനും കുടുംബവും ശരിക്കും മനസ്സ് തകര്‍ന്നാണ് ബിജെപി വിട്ടത്. അവിടെ ഞാന്‍ വഞ്ചിക്കപ്പെട്ടതായി തോന്നി.
ബംഗാളിന് വേണ്ടി നല്ല രീതിയാണ് പ്രവര്‍ത്തിച്ചത്. ക്ലീന്‍ ഇമേജുണ്ടായിരുന്നു. എന്നിട്ടും അര്‍ഹിച്ച അംഗീകാരം കിട്ടിയില്ല. എനിക്ക് അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിക്കാനുള്ള എല്ലാമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ രാജിവെച്ചു. എന്നാല്‍ എന്റെ രാജിക്കത്ത് അംഗീകരിക്കാന്‍ പോലും സ്പീക്കര്‍ തയ്യാറായില്ലെന്നും സുപ്രിയോ കുറ്റപ്പെടുത്തി.












Click it and Unblock the Notifications