'കാരണം രാജാവിന് പാവങ്ങളെ ഇഷ്ടമല്ല'; ഡൽഹിയിലെ ചേരികൾ ഷീറ്റ് കെട്ടി മറച്ചതിൽ രാഹുൽ ഗാന്ധി
ഡൽഹി: ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസിറ്റ് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും ഉപയോഗിച്ച് മറച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ നടപടിയെ കുറിച്ച് ചേരിവാസികൾ പ്രതികരിക്കുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ-'സർക്കാർ ഞങ്ങളെ കീടങ്ങളെ പോലെയാണ് കാണുന്നത്. ഞങ്ങൾ എന്താ മനുഷ്യൻമാർ അല്ലേ', പറയുന്നത് പ്രദേശവാസിയായ റാണിയാണ്. ജി 20 ക്ക് മോദി സർക്കാർ പരാജയം മറയ്ക്കാൻ ഇവിടുത്തെ വീടുകൾ മറച്ചിരിക്കുകയാണ്.കാരണം രാജാവ് ദരിദ്രരെ വെറുക്കുന്നു', രാഹുൽ ട്വീറ്റിൽ പറഞ്ഞു.

രാജ്യന്തര നേതാക്കൾ സഞ്ചരിക്കാൻ സാധ്യതയുള്ള മുനീർക്ക ട്രാഫിക് ജങ്ഷന് സമീപത്തുള്ള ചേരികൾ അടക്കമാണ് പച്ച പടുത കൊണ്ട് സർക്കാർ മറച്ചത്. പ്രദേശത്തുള്ളവർക്ക് പുറത്ത് കടക്കാൻ ഒരു വഴിമാത്രമാണ് വെച്ചിരിക്കുന്നത്. ഈ പടുതയ്ക്ക് മുകളിൽ ജ20യുടെ പരസ്യ പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ പോലീസ് തടയുകയും ദൃശ്യങ്ങൾ പകർത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. നേരത്തേ കാല മഹലിലെ കുടിലുകളും സർക്കാർ പൊളിച്ച് നീക്കിയിരുന്നു. സരായ് കാലാ ഖാൻ ബസ് ടെർമിനലിനു സമീപം രാത്രികാല ഷെൽട്ടറുകളും നീക്കം ചെയ്തിരുന്നു.
മുൻപ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശന വേളയിലും ഇത്തരത്തിൽ ചേരികൾ പടുത വെച്ച് മറച്ചിരുന്നു. അഹമ്മദാബാദിലെ എയർപോർട്ട് മുതൽ ഗാന്ധി നഗർ വരെയുള്ള റോഡന്റെ ഇരുവശങ്ങളുമായിരുന്നു മറച്ചത്. ഇതിനെതിരെ അന്ന് രൂക്ഷ വിമർശനം പ്രതിപക്ഷം ഉയർത്തിയിരുന്നു.
അതേസമയം ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. കനത്ത പോലീസ് വിന്യാസവും ആകാശ നിരീക്ഷണവുമുണ്ട്. സെൻട്രൽ ഡൽഹിയിൽ റോഡ് മാർഗം പൊതുഗതാഗതം നിരോധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
ജി 20 ഉച്ചകോടിക്ക് ഇന്ന് രാവിലെയാണ് ഡൽഹിയിൽ തുടക്കമായത്. ആദ്യമായാണ് രാജ്യം ജി 20ക്ക് ആതിഥ്യമരുളുന്നത്. യൂറോപ്യൻ യൂണിയനിലെയും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്ട്ര സംഘടനാ മേധാവികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളായിരിക്കും ഉച്ചകോടിയിൽ ചർച്ചയാകുക












Click it and Unblock the Notifications