ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല, അവശനെന്ന് ബിനീഷ്, ചോദ്യം ചെയ്യലിനിടെ പത്ത് തവണ ഛർദ്ദിച്ചു
ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.
10 ദിവസത്തേക്കാണ് ബിനീഷിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 5 ദിവസത്തേക്ക് കൂടിയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഇതോടെ ശനിയാഴ്ച വരെ ഇഡിയുടെ കസ്റ്റഡിയില്‍ ബിനീഷ് തുടരും. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയുടേതാണ് വിധി. അതേസമയം തനിക്ക് കടുത്ത ശാരീരിക അവശതകള്‍ ഉളളതായി ബിനീഷ് കോടിയേരി കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യലിനിടെ പത്ത് തവണ ഛര്‍ദ്ദിച്ചെന്നും ബിനീഷ് പറഞ്ഞു. രണ്ട് ദിവസം ബിനീഷിന്റെ ആരോഗ്യസ്ഥിതി മോശമായ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യുന്നത് നടന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ കോടതിയെ അറിച്ചിരുന്നു.

ബെംഗളൂരു ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബിനീഷ് കോടിയേരിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് ഉന്നയിച്ചിരിക്കുന്നത്. 2012 മുതല്‍ 2019 വരെ ഉളള കാലയളവില്‍ 5 കോടിയില്‍ അധികം രൂപ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയെന്ന് ഇഡി പറയുന്നു.
ബിനീഷിന്റെ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട 5,17,36,600 കോടി രൂപ ലഹരി മരുന്ന് ബിസ്സിനസ്സ് വഴിയുളളതാണ് എന്നാണ് ഇഡി സംശയിക്കുന്നത്. ബിനീഷ് ഇന്‍കം ടാക്‌സിന് നല്‍കിയ കണക്കുകള്‍ ഇതുമായി ഒത്ത് പോകുന്നില്ലെന്നും ഇഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷിനെതിരെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശിയായ ഒരാള്‍ മൊഴി നല്‍കിയതായും ഇഡി പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ അബ്ദുള്‍ ലത്തീഫ് അടക്കം നിരവധി പേരെ ബിനാമിയാക്കി ബിനീഷ് സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു.












Click it and Unblock the Notifications