ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഇനി കുതിക്കും; ആറാമത്തെ ട്രെയിൻ സെറ്റിന്റെ കോച്ചുകൾ എത്തി, ഇടവേള കുറയും?
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻ സെറ്റിന്റെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. രണ്ടാഴ്‌ച നീണ്ട റോഡ് മാർഗമുള്ള യാത്രയ്ക്ക് ശേഷമാണ് ഇവ കൊൽക്കത്തയിൽ നിന്ന് ബെംഗളൂരു നഗരത്തിൽ എത്തിയത്. വാരാന്ത്യത്തിൽ മൂന്ന് കോച്ചുകൾ ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിച്ചേർന്നെന്നും, ശേഷിക്കുന്നവ പിന്നീട് എത്തിച്ചേർന്നെന്നും ഒരു മുതിർന്ന ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ അറിയിച്ചു.
ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ ഈ ട്രെയിനിൽ സ്റ്റാസ്‌റ്റാറ്റിക്, ഡൈനാമിക് ടെസ്‌റ്റുകൾ നടത്തും. നിലവിലെ സാഹചര്യത്തിൽ ഡിസംബർ മൂന്നാം വാരത്തോടെ ഇത് യാത്രക്കാർക്കായി സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറാമത്തെ ട്രെയിൻ കൂടി വരുന്നതോടെ തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകളുടെ ഇടവേള ഏകദേശം 12 മിനിറ്റായി മെച്ചപ്പെടും എന്നാണ് കരുതുന്നത്.

യെല്ലോ ലൈൻ സർവീസുകൾ നേരത്തെ തുടങ്ങാനും ബിഎംആർസിഎൽ ആലോചിക്കുന്നുണ്ട്. നിലവിൽ ഈ ലൈനിൽ രാവിലെ 6 മണിക്കാണ് സർവീസ് ആരംഭിക്കുന്നത്. എന്നാൽ പർപ്പിൾ, ഗ്രീൻ ലൈനുകളിൽ ഇത് രാവിലെ 5 മണിക്ക് ആരംഭിക്കാറുണ്ട്. കൂടുതൽ ട്രെയിനുകൾ എത്തിയ സാഹചര്യത്തിൽ സർവീസ് മറ്റ് ഇടങ്ങളിലേതിന് സമാനമായി അഞ്ച് മണിക്ക് തന്നെ ആക്കാനാണ് ആലോചന.
അതേസമയം, ട്രെയിന്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കുകയും സ്‌റ്റാറ്റിക് പരിശോധന നടത്തുകയും വേണം എന്നതാണ് മുന്നിലെ വെല്ലുവിളി. തുടര്‍ന്ന് രാത്രികളില്‍ മെയിന്‍ ലൈനില്‍ ട്രയല്‍ റണ്‍ നടത്തും. കുറഞ്ഞത് 750 കിലോ മീറ്റര്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കണമെന്നാണ് നിബന്ധന. ഈ കടമ്പയും കടന്ന ശേഷമേ ട്രെയിന്‍ സെറ്റ് ഔദ്യോഗികമായി യാത്രക്കാര്‍ക്കായി ലഭ്യമാകൂ.
16 സ്‌റ്റേഷനുകളുള്ള പാതയിലേക്കായി ടിആര്‍എസ്എല്‍ നിലവില്‍ രണ്ട് ട്രെയിന്‍ സെറ്റുകള്‍ കൂടി നിര്‍മ്മിക്കുന്നുണ്ട്. ഇത് ഡിസംബറില്‍ അയയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ബെംഗളൂരു മെട്രോ റെയിൽ അധികൃതർ അറിയിക്കുന്നത്. അങ്ങനെ അത് കൂടി എത്തുകയാണെങ്കിൽ യെല്ലോ ലൈനിൽ യാത്ര കൂടുതൽ സുഗമമാകും എന്നാണ് വിലയിരുത്തൽ.
നമ്മ മെട്രോ വളരുന്നു
ബെംഗളൂരു മെട്രോ ശൃംഖല 2027 ഓടെ നിലവിലെ 96 കിലോമീറ്ററിൽ നിന്ന് 175 കിലോമീറ്ററായും, 2030 അവസാനത്തോടെ 225 കിലോമീറ്ററായും വികസിപ്പിക്കുമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്‌ടർ ജെ രവിശങ്കർ അറിയിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിൽ മെട്രോയുടെ പങ്ക് പ്രധാനമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2011ൽ കേവലം 6.7 കിലോമീറ്റർ ശൃംഖലയുമായാണ് 'നമ്മ മെട്രോ' പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 96 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ സർവീസ് നടത്തുന്നത്. ആർവി റോഡ്-ബൊമ്മസന്ദ്രയെ ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ പാത 2025 ഓഗസ്‌റ്റിൽ തുറന്നിരുന്നു. പിന്നാലെ അവിടേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
അടുത്ത വർഷം കാലേന അഗ്രഹാരയെ നാഗവാരയുമായി ബന്ധിപ്പിക്കുന്ന പിങ്ക് ലൈൻ യാഥാർത്ഥ്യമാകും. 7.5 കിലോമീറ്റർ ഉയർന്ന ഭാഗവും 13.5 കിലോമീറ്റർ ഭൂഗർഭ പാതയും ഉൾപ്പെടെ ഏകദേശം 21 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. 2027 അവസാനത്തോടെ ബെംഗളൂരു വിമാനത്താവളത്തിലേക്ക് കണക്ഷൻ നൽകുന്ന ബ്ലൂ ലൈൻ കൂടി പൂർത്തിയാക്കും.
'2027 ആകുമ്പോഴേക്കും ഏകദേശം 175 കിലോമീറ്റർ മെട്രോ നമ്മൾ പ്രവർത്തനക്ഷമമാക്കും. ബെംഗളൂരു നിർഭാഗ്യവശാൽ കടുത്ത ട്രാഫിക് തിരക്ക് നേരിടുന്നുണ്ട്. ആസൂത്രിത സബർബൻ റെയിൽവേ പദ്ധതികൾക്കൊപ്പം മെട്രോ ഈ പ്രതിസന്ധി ലഘൂകരിക്കുന്നതിൽ വലിയ പങ്ക് വഹിക്കും' എന്നാണ് ജെ രവിശങ്കർ പറയുന്നത്.












Click it and Unblock the Notifications