ഭവാനിപൂരില്‍ വോട്ടെടുപ്പ് തുടങ്ങി, മമതയ്ക്ക് അഗ്നിപരീക്ഷ, ബൂത്ത് പിടിക്കുന്നുവെന്ന് പ്രിയങ്ക
കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന ഭവാനിപൂരില്‍ വോട്ടെടുപ്പ് തുടങ്ങി. മുഖ്യമന്ത്രി പദം നിലനിര്‍ത്തണമെങ്കില്‍ മമതയ്ക്ക് ഭവാനിപൂരില്‍ വിജയിക്കണം. 2016ലും 2019ലും ഭവാനിപൂരില്‍ അത്ര ശുഭകരമായ കാര്യങ്ങളല്ല സംഭവിച്ചത്. മമതയുടെ വോട്ടുശതമാനം വലിയ തോതില്‍ 2016ല്‍ ഇടിഞ്ഞിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മമതയുടെ വാര്‍ഡില്‍ അടക്കം തൃണമൂല്‍ കോണ്‍ഗ്രസ് പിന്നിലായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ പോരായ്മകളെല്ലാം പരിഹരിച്ചാണ് മമതയുടെ പാര്ട്ടി വമ്പന്‍ വിജയം നേടിയത്. ഭവാനിപൂരിലും ജയം തൃണമൂലിനൊപ്പം നിന്നു.

നേരത്തെ മമത സ്ഥിരം കോട്ടയായ ഭവാനിപൂരില്‍ നിന്ന് മാറി നന്ദിഗ്രാമിലായിരുന്നു മത്സരിച്ചത്. സുവേന്ദു അധികാരിയോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മമത പരാജയപ്പെട്ടത്. രണ്ട് ലക്ഷം വോട്ടര്‍മാരാണ് ഭവാനിപൂരില്‍ ഉള്ളത്. ബംഗാളി ഇതര വോട്ടര്‍മാര്‍ ധാരാളമുള്ള മണ്ഡലം കൂടിയാണിത്. മുമ്പ് രണ്ട് തവണ ഈ മണ്ഡലത്തില്‍ നിന്ന് മമത വിജയിച്ചിട്ടുണ്ട്. അതേസമയം കനത്ത പോളിംഗ് തന്നെയാണ് തുടക്കത്തില്‍ തന്നെ മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്. നീണ്ട ക്യൂ പല ബൂത്തുകളുടെ പുറത്തുമുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടിംഗ് നടത്തുന്നത്. ജാങ്കിപൂരിലും ഷംഷേര്‍ഗഞ്ചിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
അതേസമയം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബൂത്ത് പിടിക്കുന്നുണ്ടെന്ന് ബിജെപി സ്ഥാനര്‍ത്ഥി പ്രിയങ്ക തിബ്രെവാള്‍ ആരോപിച്ചു. വോട്ടിംഗ് മെഷീന്‍ ഓഫാക്കിയിരിക്കുകയാണ് തൃണമൂല്‍ എംഎല്‍എ മദന്‍ മിത്രയെന്ന് പ്രിയങ്ക പറഞ്ഞു. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അവര്‍ പറഞ്ഞു. ഭവാനിപൂരിലെ 70ാം വാര്‍ഡില്‍ 63 ശതമാനം ബംഗാളി ഇതര വോട്ടര്‍മാരാണ് ഉള്ളത്. മമതയും അഭിഷേക് ബാനര്‍ജിയും അടക്കം വോട്ട് രേഖപ്പെടുത്തുന്നത് മിത്ര ഇന്‍സ്റ്റിറ്റിയൂഷനിലാണ്. ഇവിടെയും രാവിലെ തന്നെ നല്ല തിരക്കാണ്. കനത്ത സുരക്ഷയിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് ദിലീപ് ഘോഷിനെതിരെ ആക്രമണം ഉണ്ടായിരുന്നു.
മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം
Recommended Video
ഒക്ടോബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ് ഫലം വരിക. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊല്‍ക്കത്തയില്‍ കനത്ത മഴയുണ്ട്. വോട്ടിംഗിന് ഇത് തടസ്സം സൃഷ്ടിക്കുമെന്ന് സൂചനയുണ്ട്. വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ വിവരം അറിയിച്ചാല്‍ അവരെ സുരക്ഷിതമായി ബൂത്തിലെത്തിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എല്ലാ പോളിംഗ് ബൂത്തുകളും സന്ദര്‍ശിക്കുമെന്ന് പ്രിയങ്ക തിബ്രെവാളും പറഞ്ഞിരുന്നു. അതേസമയം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മമത നടത്തുന്ന ആദ്യ നീക്കമാണ് ഭവാനിപൂരിലെ തിരഞ്ഞെടുപ്പ്. ഇതില്‍ ജയിച്ചാല്‍ ദേശീയ തലത്തിലേക്ക് അതിശക്തമായി തിരിച്ചുവരാന്‍ അവര്‍ക്ക് സാധിക്കും.












Click it and Unblock the Notifications