അരവിന്ദ് കെജ്രിവാളിന് തിരിച്ചടി: മുന്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതി
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനാണ് (ഇഡി) ലെഫ്റ്റനൻ്റ് ഗവർണർ അനുമതി നല്‍കിയിരിക്കുന്നത്. മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ഇ ഡി ഉദ്യോഗസ്ഥർ നേരത്തെ ലെഫ്റ്റനൻ്റ് ഗവർണർക്ക് അപേക്ഷ നല്‍കിയിരുന്നു.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഘട്ടത്തിലെ നടപടി എ എ പിക്കും അരവിന്ദ് കെജ്രിവാളിനും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യതലസ്ഥാനത്ത് വലിയ തിരിച്ചടി നേരിട്ട എ എ പിക്ക് ഡല്‍ഹി ഭരണം നിലനിർത്തുകയെന്നത് അത്ര എളുപ്പമായിരിക്കില്ലെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതിന് ഇടയിലാണ് മദ്യനയ കേസിലെ നടപടികള്‍ വീണ്ടും ശക്തമാന്‍ പോകുന്നത്. മദ്യനയ കേസ് നിയമസഭ തിരഞ്ഞെടുപ്പിലും ബി ജെ പി ഏറ്റവും വലിയ പ്രചരണായുധമാക്കുകയും ചെയ്യും.

മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം അന്വേഷിക്കുന്ന ഇ ഡി മാർച്ച് 21 ന് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറിലാണ് ജാമ്യം ലഭിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എ എ പി മേധാവിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കെജ്രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അഴിമതിയുടേയും കള്ളപ്പണം വെളുപ്പിക്കലിന്റേയും സൂത്രധാരന്മാരെന്നുമാണ് ഇഡിയുടെ കുറ്റപത്രം അവകാശപ്പെടുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായ മനീഷ് സിസോദിയ 18 മാസത്തെ ജയിൽവാസത്തിന് ശേഷം ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
മദ്യനയ കേസിൽ ബി ആർ എസ് നേതാവും എം പിയുമായ കവിതയേയും നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 15 ന് ഹൈദരാബാഗിലെ ബഞ്ചാര ഹിൽസിലുള്ള വസതിയിൽ നിന്ന് അറസ്റ്റിലായ കവിതക്ക് അഞ്ച് മാസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കവിതയ്ക്ക് ബന്ധമുള്ള മദ്യകമ്പനിക്ക് പങ്കുണ്ടെന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയേയും ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications